ദുബായ് : തൊണ്ണൂറ്്‌ ശതമാനം വിലക്കുറവുമായി ദുബായിൽ വീണ്ടും സൂപ്പർസെയിൽ. നവംബർ 25 ശനിയാഴ്ച മുതൽ നവംബർ 27 വരെയാണ് മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ. ഫാഷൻ, ഹോം ഡെക്കർ, ലൈഫ് സ്റ്റൈൽ, ഇലക്‌ട്രോണിക്സ്, ബ്യൂട്ടി പ്രോഡക്ടുകൾ എന്നിവയ്ക്ക് ഈ കാലയളവിൽ ദുബായിലെ ഷോപ്പിങ് മാളുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും 90 ശതമാനംവരെ വിലക്കുറവ് ലഭിക്കും.

72 മണിക്കൂർ വ്യാപാരോത്സവത്തിൽ രണ്ടായിരത്തോളം ഔട്ട്‌ലെറ്റുകളിലൂടെ അഞ്ഞൂറിലധികം ബ്രാൻഡുകൾ വിലക്കുറവിൽ സ്വന്തമാക്കാനാവും. വ്യാപാര മേളയിൽ പങ്കെടുക്കുന്ന മാളുകളും മറ്റ് സ്ഥാപനങ്ങളും കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുമെന്നും മുഖാവരണം ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ സർക്കാർ മാർഗനിർദേശങ്ങളും പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.