അനു ഡി. രാജ്

യു.എ.ഇ.യിലുള്ളവരുടെ ഏറെക്കാലത്തെ സ്വപ്നവും ആകാംക്ഷയുമായിരുന്നു എക്സ്‌പോ എന്ന ലോകമഹാമേള. കോവിഡുകാലത്ത് നാട്ടിൽ പെട്ടുപോയപ്പോൾ എക്സ്‌പോയുടെ സമയത്തിനെത്താൻ കഴിയില്ലേയെന്ന വേവലാതിയുണ്ടായിരുന്നു. എന്തായാലും ആഗ്രഹം സഫലമായി, കേട്ടറിവുമാത്രമുള്ള ദുബായ് എക്സ്‌പോ സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞദിവസം നേരിൽ വീക്ഷിക്കാൻ സാധിച്ചു. സത്യത്തിൽ ഒരു മായാലോകം തന്നെയായിരുന്നു എക്സ്‌പോ നഗരി. അത്രയുമുണ്ട് കാണാനും ആസ്വദിക്കാനും കണ്ണഞ്ചുംകാഴ്ചകൾ.

എക്സ്‌പോയുടെ പ്രവേശനകവാടത്തിൽ വാക്സിൻ സർട്ടിഫിക്കറ്റും ടിക്കറ്റും കാണിച്ചു. അവർ സന്ദർശകരുടെ ഫോട്ടോയെടുക്കുകയും ബാഗ് സ്കാൻചെയ്യുകയും ചെയ്തു. സുരക്ഷാപരിശോധന പൂർത്തിയാക്കി അകത്തുകടന്നപ്പോൾ ‘ഏതോ മായാലോക’ത്തെത്തിയ പ്രതീതി. തീർച്ചയായും ജീവിതത്തിലെ പ്രധാന നിമിഷങ്ങളാണെന്ന് തോന്നി. ആദ്യം ഏതു പവിലിയനിൽ പോകണമെന്ന ആശയകുഴപ്പമായി, അങ്ങിനെ ജർമനിയുടെ പവിലിയനിലേക്ക് കടന്നു. അവിടെനിന്ന് സന്ദർശകരുടെ പേര് രേഖപ്പെടുത്തിയ ഒരു ഐഡിന്റിറ്റി കാർഡ് തന്നു. യു.എ.ഇ.പവിലിയനിൻ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നതായി തോന്നാൻ ഒരുകാരണം ഈ രാജ്യത്ത് ജീവിക്കുന്നതുകൊണ്ടാണെന്നും മനസ്സിൽ തോന്നി. അത്രയും മനോഹരമായി യു.എ.ഇ.പവിലിയൻ ഒരുക്കിയിരുന്നു. സ്വിറ്റ്‌സർലൻഡ് പവിലിയനിലെത്തിയപ്പോൾ ഇന്ത്യയിലെ കാശ്മീരിൽ എത്തിയ അനുഭൂതി. നിറയെ മഞ്ഞും മഴയും. ശരിക്കും ആസ്വദിച്ചു. അങ്ങനെ നമ്മുടെ സ്വന്തം ഇന്ത്യൻ പവിലിയനും മാടിവിളിച്ചു. ഇന്ത്യയുടെ വികസനം, സംസ്‌കൃതി, ക്ഷേത്ര മാഹാത്മ്യം, യോഗ, ആയുർവേദം എല്ലാമവിടെ പുതിയൊരു ഇന്ത്യയെ സൃഷ്ടിച്ച പോലെ തോന്നി. കാണുവാനേറെയുണ്ട് 'സൗദി പവിലിയനിൽ'. അത്രയും മനോഹാരമായും വിജ്ഞാനവും വിനോദവും പകർന്നുകൊണ്ട് ആ രാജ്യം സന്ദർശകരെ ആകർഷിക്കുന്നു.

ദുബായ് എക്സ്‌പോ യാത്രയ്ക്ക് ഒന്നോരണ്ടോ ദിവസങ്ങൾ മതിയാവില്ല. അത്രയുമുണ്ട് കണ്ടുതീർക്കാൻ. അവസരമൊത്താൽ ഇനിയും ഈ മഹാലോകത്തെത്തണമെന്ന് മനസ്സിൽ കുറിച്ചായിരുന്നു മടക്കം. എക്സ്‌പോയിലെത്തുന്ന ഓരോരുത്തർക്കും സുരക്ഷയൊരുക്കുന്ന കാര്യത്തിൽ ദുബായ് ഒന്നാമതെത്തിയെന്നാണ് വിലയിരുത്തൽ. എക്‌സ്‌പോയിലെവിടെയും ആളുകൾക്ക് അനുകൂല കാലാവസ്ഥ സൃഷ്ടിക്കാനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നു. ആവശ്യത്തിന് കുടിവെള്ളമെത്തിക്കാനും എക്സ്‌പോ അധികൃതർ ശ്രദ്ധിച്ചിരിക്കുന്നു. മികച്ച റെസ്റ്റോറന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏറെനടന്നുകഴിഞ്ഞാൽ വിശ്രമിക്കാനും സൗകര്യമുണ്ട്. റൊബോട്ടുകളുടെ വിസ്മയവും കണ്ടാണ് എക്സ്‌പോ നഗരിയിൽനിന്നും പുറത്തിറങ്ങിയത്. എക്സ്‌പോയിലെത്താൻ ദുബായ് പൊതുഗതാഗതത്തിന്റെ കീഴിൽ സൗജന്യ, മെട്രോ, ബസ് സർവീസുകളും ഒരുക്കിയിട്ടുണ്ടെന്നത് സാധാരണക്കാർക്ക് സഹായകരമാണ്. എല്ലാവരും ഒരിക്കലെങ്കിലും ദുബായ് എക്സ്‌പോ സന്ദർശിക്കാൻ സമയം കണ്ടെത്തുകതന്നെ വേണം.