ദുബായ് : ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന ദുബായ് റണ്ണിൽ ഒപ്പമോടാൻ ജനങ്ങളെ ക്ഷണിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ശൈഖ് സായിദ് റോഡിൽ വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ ആയിരങ്ങൾ ഭാഗമാകും. ‘നിങ്ങൾ ഓടാൻ തയ്യറാണോ, എങ്കിൽ എനിക്കൊപ്പം ചേരൂ’ എന്ന് ശൈഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചപ്പോൾ പങ്കാളിത്തത്തിന് സന്നദ്ധതയറിയിച്ച് ഒട്ടേറെപേരാണ് മറുപടി നൽകിയത്. ശൈഖ് സായിദ് റോഡിൽ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി അഞ്ചുകിലോമീറ്റർ ട്രാക്കും യുവജനങ്ങൾക്കും കായികപ്രേമികൾക്കുമായി 10 കിലോമീറ്റർ ട്രാക്കും പ്രത്യേകമായൊരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരിപാടി.

എമിറേറ്റ്‌സ് ടവർ, ഡൗൺടൗൺ ദുബായ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്ക് സമീപത്തിലൂടെ ഫിറ്റ്‌നസ് ചലഞ്ച് ഓട്ടമുണ്ടാകും. ദുബായ് മാൾ, ബുർജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലവാഡ് എന്നിവയും 10 കിലോമീറ്റർ ട്രാക്കിലെ ഓട്ടക്കാർ അധികമായി പിന്നിടണം. 2019-ൽ ആണ് ശൈഖ് ഹംദാൻ ദുബായ് റൺ പദ്ധതിയുടെ ഭാഗമായി ആദ്യമായി ശൈഖ് സായിദ് റോഡിൽ ഓടിയത്.

ഇത്തവണത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒട്ടേറെ പരിപാടികളോടെയാണ് പുരോഗമിക്കുന്നത്. സൗജന്യ ഫിറ്റ്‌നസ് ഇവന്റുകൾ, ക്ലാസുകൾ, വെൽബീയിങ് പരിപാടികൾ തുടങ്ങിയവ ദുബായുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. കൈറ്റ് ബീച്ച്, എക്സ്‌പോ 2020 ദുബായ്, മുഷ്‌റിഫ് പാർക്ക് എന്നിവിടങ്ങളിലെ മൂന്ന് ഫിറ്റ്‌നസ് വില്ലേജുകൾ, ദുബായിലെ കമ്യൂണിറ്റികളിലെ 14 ഫിറ്റ്‌നസ് ഹബ്ബുകൾ, അഞ്ഞൂറിലേറെ സൗജന്യ ഫിറ്റ്‌നസ് ക്ലാസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.