ഷാർജ : തൊഴിൽ വാഗ്ദാനത്തിൽപ്പെട്ട് യു.എ.ഇ.യിലെത്തിയ മലയാളി സഹോദരിമാർ ദുരിതത്തിൽ.

കണ്ണൂർ ഇരിട്ടി സ്വദേശികളായ സ്ത്രീകളാണ് മികച്ച തൊഴിൽവാഗ്ദാനത്തിൽ കുടുങ്ങി അജ്മാനിലെത്തി തട്ടിപ്പിനിരയായത്. സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ പിന്നീടിവർ അജ്മാനിലെ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരിൽ മൂത്ത സഹോദരി ഇപ്പോൾ ഷാർജയിൽ മലപ്പുറം സ്വദേശിയുടെ വീട്ടിൽ ജോലിചെയ്യുകയാണ്. ഇവരുടെ പാസ്പോർട്ട് മംഗളൂരു സ്വദേശികളായ ഏജൻറുമാർ തിരികെനൽകുകയും നാട്ടിൽനിന്ന് കൊണ്ടുവന്നതിന്റെ ചെലവെന്ന പേരിൽ 1000 ദിർഹം കൈപ്പറ്റുകയുംചെയ്തു. അതേസമയം മറ്റെയാൾക്ക് ഒരിടത്ത് വീട്ടുജോലി നൽകിയിരുന്നെങ്കിലും അവിടെ കൃത്യമായി ആഹാരംപോലും ലഭിക്കുന്നില്ലെന്നും പലപ്പോഴും ശാരീരികമർദനം നേരിടേണ്ടിവരുകയാണെന്നും പറയുന്നു. ഇവരിൽനിന്ന് അജ്മാൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഏജന്റുമാർ പണവും വാങ്ങിയിരുന്നു.

യു.എ.ഇയിലെത്താനായി സന്ദർശക വിസയ്ക്കായി ഒരാൾക്ക് 10,000 രൂപാവീതം നാട്ടിലെ ഏജന്റിന് നൽകിയിരുന്നു. ചെലവായ മുഴുവൻ തുകയും തിരികെ ലഭിക്കാതെ ഇവരെ നാട്ടിലേക്ക് വിടില്ലെന്ന നിലപാടിലാണ് ഏജന്റുമാരെന്ന് സാമൂഹിക പ്രവർത്തകൻ മെഹ്‌റൂഫ് പറഞ്ഞു.

നാട്ടിൽ ജീവിക്കാൻ സാഹചര്യമോ താമസിക്കാൻ വീടോ ഇല്ലാത്തതിനാൽ ജോലിവാഗ്ദാനത്തിൽ വീണുപോയതാണെന്നാണ് സ്ത്രീകൾ പറയുന്നത്. അജ്മാനിലെ താമസയിടത്തിൽ മലയാളികളടക്കം വേറെയും സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.