ഷാർജ : ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 48 പേർ മത്സരിക്കുന്നു. 145 പേർ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ ഭൂരിഭാഗം അംഗങ്ങളും പത്രിക പിൻവലിച്ചതോടെയാണ് സ്ഥാനാർഥികളുടെ അവസാന പട്ടിക പുറത്തിറക്കിയത്. 26-ന് വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ്.

അസോസിയേഷൻ അംഗങ്ങളായ 2552 പേർക്കാണ് വോട്ടവകാശം. 2020-ൽ നടന്ന തിരഞ്ഞെടുപ്പിൽ 1306 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വാശിയേറിയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രധാനമായും വോട്ടഭ്യർഥന. അംഗങ്ങളെ ഫോണിൽ വിളിച്ചും വോട്ട് ചോദിക്കുക പതിവാണ്. യു.ഡി.എഫ്. ആഭിമുഖ്യമുള്ള ‘വിശാല ജനകീയ മുന്നണി’, എൽ.ഡി.എഫ്. പക്ഷമായ ‘വിശാല വികസന മുന്നണി’, ബി.ജെ.പി.യുടെ ‘ഇന്ത്യൻ നാഷണലിസ്റ്റ് ഫോറം’ എന്നീ മുന്നണികളാണ് മത്സരരംഗത്തുള്ളത്. കൂടാതെ സ്വാതന്ത്രന്മാരും മത്സരിക്കുന്നുണ്ട്. മുതിർന്ന ഭാരവാഹികളായ ഇ.പി. ജോൺസൺ, കെ. ബാലകൃഷ്ണൻ, അബ്ദുല്ല മല്ലച്ചേരി തുടങ്ങിയവർ മത്സരരംഗത്തില്ല.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്നണികൾ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കേരളത്തിൽനിന്ന് എം.എൽ.എ. മാരെയടക്കം പങ്കെടുപ്പിച്ചാണ് അസോസിയേഷൻ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുന്നത്. കേരളത്തിൽ നിന്നുള്ള രാഷ്ട്രീയനേതാക്കളടക്കം ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സ്വന്തക്കാരോട് വോട്ടഭ്യർഥിക്കുന്നുണ്ട്.

ഇവർ സ്ഥാനാർഥികൾ

പ്രസിഡന്റ്:അഡ്വ. വൈ.എ. റഹീം, മാത്തുക്കുട്ടി കടോൺ, വിജയൻ നായർ

ജനറൽ സെക്രട്ടറി:നസീർ ടി.വി., ശ്രീപ്രകാശ് , ജയൻ പുന്നൂർ

ഖജാൻജി:ശ്രീനാഥൻ ടി.കെ., അബ്ദുൽ ഹമീദ് ടി.കെ., രാധാകൃഷ്ണൻ നായർ

ഓഡിറ്റർ: മുരളീധരൻ വി.കെ., സുധീർ പാട്ടത്തിൽ, ശ്രീരാഗ് ഞാറേക്കാട്ട് , എസ്.എം. റാഫി

വൈസ് പ്രസിഡന്റ്:മാത്യുജോൺ, ജിബി ബേബി, ശിവകുമാർ മുല്ലച്ചേരി, ഈസ അനീസ് മേലേടത്ത്

ജോയന്റ് സെക്രട്ടറി:മനോജ് ടി. വർഗീസ്, അനിൽകുമാർ അമ്പാട്ട്, കുഞ്ഞിപ്പള്ളി വിജയൻ, കമറുദ്ദീൻ പൊടുവചോല

സഹ. ഖജാൻജി:ബാബു വർഗീസ്, ജോസ് ബേബി, ചന്ദ്രൻ മേക്കാട്ട്, അംജിത്ത് പറമ്പുവീട്ടിൽ

മാനേജിങ് കമ്മിറ്റി:അബ്ദുൽ മനാഫ്, അബ്ദുൽ വാഹിദ് പി.എ., അതിക്കൊത്ത് വേണുഗോപാലൻ, ഹരിലാൽ എം., ജബ്ബാർ എ.കെ., ജയപ്രകാശ് കല്ലേങ്ങാട്ട്, ജൂഡ്‌സൺ സുജനൻ ജേക്കബ്, കുഞ്ഞമ്പുനായർ ടി, എം.കെ. ചാക്കോ, താഹിറലി പൊറോപ്പാട്, മനാഫ് കുന്നിൽ, മുഹമ്മദ് ഹനീഫ് ഷഫീഖ്, പി.സി. ഗീവർഗീസ്, പത്മൻ നായർ കെ., പ്രദീഷ് ചിതറ, പ്രാണേഷ് എസ്. നായർ, രാഘവൻ പുതിയവളപ്പിൽ, രാഘകുമാർ മണ്ണൂരത്ത്, രഞ്ചേഷ് രാജൻ, റോയ് മാത്യു, സാദിഖ് ചെറുവത്തോട്ട്, സാം വർഗീസ്, സക്കറിയ കരിയിൽ.