ദുബായ് : യു.എ.ഇ.യുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒമ്പത് തുരങ്കങ്ങളുടെ നിർമാണം അതിവേഗം പൂർത്തിയായി. പദ്ധതിയുടെ മറ്റ് ഷെഡ്യൂൾ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി, ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഫുജൈറയിൽ നിർമാണം പൂർത്തിയായ ടണൽ സന്ദർശിച്ചു. 6.9 കിലോമീറ്ററിലേറെ നീളമുള്ള ഒമ്പത് തുരങ്കങ്ങളുടെ നിർമാണപ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.

ഫുജൈറയ്ക്കും റാസൽഖൈമയ്ക്കും കുറുകെയാണ് പൂർത്തിയാക്കിയ ടണലുകൾ. ഉദ്ദേശിച്ചതിനും രണ്ടുമാസം മുൻപുതന്നെ നിർമാണം പൂർത്തിയായതായും അധികൃതർ വെളിപ്പെടുത്തി. അത്യാധുനിക ടണലിങ് മെഷിനറികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് അറുന്നൂറിലേറെ വിദഗ്ധരും തൊഴിലാളികളും ചേർന്നാണ് പദ്ധതി മേൽനോട്ടം വഹിക്കുന്നത്. സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങളെയും സർക്കാർ ശ്രമങ്ങളെയും ശൈഖ് ഹമദ് അഭിനന്ദിച്ചു. കഴിഞ്ഞ ജൂണിൽ ഹജർ മലനിരകളിൽ 15 വൻ തുരങ്കങ്ങൾ, കൂറ്റൻ ചരക്കു ട്രെയിനുകൾ താങ്ങാൻ ശേഷിയുള്ള 35 പാലങ്ങൾ എന്നീ പ്രധാന ഘട്ടങ്ങൾ പൂർത്തിയായിരുന്നു.