ദുബായ് : ഊർജമേഖലയിൽ ചേർന്നുപ്രവർത്തിക്കാൻ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി.

ഓൺലൈനായി നടന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി.) ലേലത്തിൽ നിക്ഷേപകരെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിവാതകത്തിന്റെ ആവശ്യകത രാജ്യത്ത് വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. സി.ജി.ഡി. വിപണിയിലുണ്ടായ വർധന പ്രകൃതിവാതകത്തെ മലിനീകരണം കൂടിയ ഫോസിൽ ഇന്ധന പതിപ്പുകൾക്ക് പകരമായി അവതരിപ്പിക്കുന്നു.

സി.ജി.ഡി. ലേലം 11 ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ പ്രതീക്ഷിക്കുന്ന നിക്ഷേപത്തുക 1.2 ലക്ഷം കോടി രൂപയോടടുക്കുകയാണെന്നും എക്സ്പോ ഇന്ത്യൻ പവിലിയനിലെ നിക്ഷേപകസമൂഹത്തോട് മന്ത്രി പറഞ്ഞു.

വലിയ സാധ്യതകൾ നിലനിൽക്കുന്ന എണ്ണ, പ്രകൃതിവാതക മേഖലയിൽ നിക്ഷേപം നടത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിക്കുന്നതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി തരുൺ കപൂർ പറഞ്ഞു.