അബുദാബി : പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ പക്ഷികളുടെയും അവയുടെ ഉപോത്പന്നങ്ങളുടെയും ഇറക്കുമതിക്ക് യു.എ.ഇ. വിലക്കേർപ്പെടുത്തി. ലോക മൃഗാരോഗ്യ സംഘടനയുടെ നിർദേശത്തെത്തുടർന്ന് യു.എ.ഇ. കാലാവസ്ഥാ വ്യതിയാനപരിസ്ഥിതി മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയത്.

നെതർലാൻഡ്, ജർമനി, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള വീടുകളിലും മൃഗശാലകളിലും വളർത്തുന്ന പക്ഷികൾ, അലങ്കാര പക്ഷികൾ, കോഴികൾ, മുട്ടകൾ എന്നിവയുടെയെല്ലാം ഇറക്കുമതിക്ക് വിലക്കുണ്ട്. യു.കെ.യിലെ നിരവധി പ്രവിശ്യകളിൽനിന്നുമുള്ള മുട്ട, മാംസം എന്നിവയുടെ ഇറക്കുമതിക്കും വിലക്കുണ്ട്. ഭക്ഷ്യ ഇറക്കുമതി വിപണിയിലെ മാംസത്തിന്റെയും മറ്റ് ഉത്പന്നങ്ങളുടെയും ഗുണനിലവാരം മന്ത്രാലയം സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്. ഏതെങ്കിലും വിധത്തിൽ അണുവ്യാപനം ശ്രദ്ധയിൽപ്പെട്ടാൽ കൈക്കൊള്ളേണ്ട എല്ലാ സുരക്ഷാ നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച രാജ്യങ്ങളിൽ ലക്ഷക്കണക്കിന് കോഴികളെയടക്കമുള്ള പക്ഷികളെയാണ് കൊന്നൊടുക്കുന്നത്. ഈ രാജ്യങ്ങളിലെ രോഗാവസ്ഥ പൂർണമായും മാറിയതിനുശേഷം മാത്രമേ യു.എ.ഇ.യിലേക്കുള്ള ഇറക്കുമതി പുനരാരംഭിക്കുകയുള്ളൂ.