റിയാദ് : കോവിഡ് മൂലമുണ്ടായ പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയങ്ങൾ സ്വീകരിക്കുകയും ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടണമെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു.

ഇത് അസാധാരണമായ ഒരു വർഷമാണ്. കോവിഡ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകത്തെ മുഴുവൻ ബാധിക്കുകയും ആഗോള സാമ്പത്തിക സാമൂഹിക രംഗത്ത് നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. എങ്കിലും അന്താരാഷ്ട്ര സഹകരണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാൻ നാം പരമാവധി ശ്രമിക്കണമെന്നും പതിനഞ്ചാമത് ജി-20 ഉച്ചകോടിയുടെ വെർച്വൽ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ലോകനേതാക്കളെയും അദ്ദേഹം ഉച്ചകോടിയിലേക്ക് സ്വാഗതംചെയ്തു. അസാധാരണമായ സാഹചര്യങ്ങളാൽ ആർക്കും റിയാദിലെത്തി നേരിട്ട് ആതിഥേയത്വം വഹിക്കാനായില്ല. എങ്കിലും ഓൺലൈൻ വഴിയുള്ള പങ്കാളിത്തത്തിന് നന്ദി പറയുന്നു. ഉച്ചകോടി സുപ്രധാനവും നിർണായകവുമായ ഫലങ്ങൾ നൽകും. സാമ്പത്തികവും സാമൂഹികവുമായ നയങ്ങൾ രൂപവത്‌കരിക്കും. ജനങ്ങളിൽ പ്രതീക്ഷയും ഉറപ്പും പുനഃസ്ഥാപിക്കുമെന്നും സൽമാൻ രാജാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോവിഡ് പ്രതിരോധ വാക്സിനുകൾ, ചികിത്സ എന്നിവ വികസിപ്പിക്കുന്നതിലെ പുരോഗതിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ട്. എങ്കിലും എല്ലാ ജനങ്ങൾക്കും വാക്സിൻ വിതരണത്തിന് പ്രവർത്തിക്കണം. ഭാവിയിൽ ഉണ്ടാകുന്ന എല്ലാ പകർച്ചവ്യാധിക്കുമെതിരേ മികച്ച തയ്യാറെടുപ്പ് നടത്തണം. കോവിഡ് വാക്സിനുകൾ ലോകത്തെ എല്ലാ ജനവിഭാഗങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കാൻ ജി-20 പ്രവർത്തിക്കണം. കഴിഞ്ഞ ദശകങ്ങളിൽ നേടിയ വികസനപുരോഗതി നിലനിർത്താൻ വികസ്വരരാജ്യങ്ങൾക്ക് പിന്തുണ ആവശ്യമുണ്ട്. ശക്തവും സുസ്ഥിരവും സമഗ്രവുമായ വളർച്ചയ്ക്ക് അടിത്തറ ഉണ്ടാകണം. വിദ്യാഭ്യാസം, പരിശീലനം, തൊഴിലവസരങ്ങൾ എന്നിവ സൃഷ്ടിക്കലും സംരംഭകർക്കുള്ള പിന്തുണ, വ്യക്തികൾക്കിടയിലെ ഡിജിറ്റൽ വിടവുകൾ നികത്തൽ എന്നിവയിലൂടെ മുഴുവനാളുകൾക്കും അവസരങ്ങളൊരുക്കാനും പ്രവർത്തിക്കണമെന്നും സൽമാൻ രാജാവ് ആഹ്വാനം ചെയ്തു.