ദുബായ് : കോവിഡിനെ തടയാൻ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കില്ലെന്ന് യു.എ.ഇ. ഈ മരുന്നിന്റെ ഉപയോഗം യു.എ.ഇ. ശുപാർശ ചെയ്യുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ പാനലിന്റെ ഭാഗമായ അബുദാബി ശൈഖ് ഷഖ്ബൗട്ട് മെഡിക്കൽ സിറ്റിയിലെ ഡോ. ഇമ്മാനുവൽ എൻസുറ്റെബു പറഞ്ഞു. മലേറിയ തടയാനുള്ള മരുന്നാണിത്. ഗവേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ യു.എ.ഇ. തുടക്കത്തിൽ ഉപയോഗിച്ചിരുന്ന ഹൈഡ്രോക്സിക്ലോറോക്വിന് കോവിഡ് തടയാൻ ഇപ്പോൾ കഴിയില്ലെന്ന നിഗമനത്തിലാണ് വിദഗ്ധർ.

മഹാമാരിയുടെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ വിദഗ്ധർ കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ പതുക്കെ ഇതിന്റെ ഉപയോഗം അംഗീകരിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയായിരുന്നു. ഇപ്പോൾ മിക്ക രാജ്യങ്ങളും ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം ശുപാർശ ചെയ്യുന്നില്ലെന്നാണ് വിവരം. അതോടൊപ്പം യു.എ.ഇ.യും കോവിഡിനുള്ള മരുന്ന് എന്നനിലയിൽ ഇത് ശുപാർശ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഉപയോഗം ഫലപ്രദമാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. നേരത്തെ ഇന്ത്യയിൽനിന്ന്‌ വലിയ അളവിൽ ഹൈഡ്രോക്സിക്ലോറോക്വിൻ യു.എ.ഇ.യിലേക്ക് ഇറക്കുമതിചെയ്തിരുന്നു.

സൊട്രോവിമാബ് രോഗികൾക്ക് നൽകിത്തുടങ്ങി

കോവിഡ് രോഗ ചികിത്സയിൽ ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന സൊട്രോവിമാബ് രോഗികളിൽ നൽകിത്തുടങ്ങിയതായി യു.എ.ഇ. ആരോഗ്യമന്ത്രാലയം. കോവിഡ് ഗുരുതരമായേക്കാവുന്ന രോഗികൾക്കാണ് ഇത് നൽകുന്നത്. മാർച്ചിലാണ് പുതിയ കോവിഡ് ചികിത്സയ്ക്ക് യു.എ.ഇ. അനുമതിനൽകിയത്. ഹെൽത്ത് കെയർ രംഗത്ത് ലോകത്തിലെ മുൻനിര കമ്പനിയായ ജി.എസ്.കെ. വികസിപ്പിച്ചതാണ് സൊട്രോവിമാബ്. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് അംഗീകാരം നൽകിയിരുന്നു. അടിയന്തര ആവശ്യത്തിന് മരുന്നുപയോഗിക്കാൻ അംഗീകാരവും ലൈസൻസും ലഭിക്കുന്ന ലോകത്തെ ആദ്യരാജ്യമാണ് യു.എ.ഇ. രോഗികളിൽ പരീക്ഷിച്ച് വിജയകരമാണെന്ന് ഉറപ്പാക്കിയശേഷമാണ് വിതരണം. 85 ശതമാനം ഫലപ്രദമാണെന്നും പാർശ്വഫലങ്ങൾ ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ശ്വേതരക്താണുക്കൾ ക്ലോൺ ചെയ്ത് നിർമിക്കുന്ന മോണോക്ലോണൽ ആന്റിബോഡിയായ സൊട്രോവിമാബ് 12 വയസ്സിന് മുകളിലുള്ളവർക്ക് ഉപയോഗിക്കാം. ഒറ്റ ഡോസ് ആന്റിബോഡി ചികിത്സയാണിത്. ഡെൽറ്റ അടക്കമുള്ള കോവിഡ് വകഭേദങ്ങൾക്കും പുതിയ മരുന്ന് ഫലപ്രദമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

അതേസമയം, യു.എ.ഇ.യിലെ പൊതുവിദ്യാലയങ്ങളിലെ 72 ശതമാനത്തോളം അധ്യാപകരും അനധ്യാപകരും കോവിഡ് വാക്സിൻ സ്വീകരിച്ചു. സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ജനുവരി മുതൽ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ശക്തമാക്കിയിരുന്നു. അതിനിടെ യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ ആറുപേർകൂടി കോവിഡ് ബാധിച്ചുമരിച്ചു. 1964 പേരിൽകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1923 പേർ രോഗമുക്തി നേടി. ആകെ രോഗികൾ 613993. ഇവരിൽ 592984 പേർ രോഗമുക്തി നേടി. ആകെ മരണം 1763 ആണ്. നിലവിൽ 19246 പേർ ചികിത്സയിലുണ്ട്.