ഷാർജ : ഇന്ത്യ ഇന്റർനാഷണൽ സ്കൂളിന് ഷാർജ സർക്കാരിന്റെ പരിസ്ഥിതി അവാർഡ്. സർക്കാർ എല്ലാ വർഷവും നൽകുന്ന എൻവയോൺമെന്റ് എക്സലൻസ് സ്കൂൾ അവാർഡുകൾ ഭൂരിഭാഗവും ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ അധ്യാപകരും വിദ്യാർഥികളും കരസ്ഥമാക്കി. ടീച്ചർ കാറ്റഗറിയിൽ ബെസ്റ്റ് എൻവയോൺമെന്റർ പോഡ് കാസ്റ്റ് അവാർഡ്: അധ്യാപകരായ നാദിയാ സൈനുൽ (ഒന്നാംസ്ഥാനം-15,000 ദിർഹം), സോണിയ ഇഖ്ബാൽ (രണ്ടാംസ്ഥാനം-10,000 ദിർഹം), സ്മിതാ അനിൽ (മൂന്നാംസ്ഥാനം-8000 ദിർഹം) എന്നിങ്ങനെ കരസ്ഥമാക്കി. വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിച്ച ബെസ്റ്റ് എൻവയോൺമെന്റൽ മൊബൈൽ ആപ്ലിക്കേഷനിൽ പ്ലസ്‌വൺ വിദ്യാർഥിനി ഷെമാ ഫാത്തിമ ഒന്നാം സ്ഥാനം (10,000 ദിർഹം) നേടി. എൻവയോൺമെന്റൽ ഇ-മാഗസിൻ മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അർച്ചിതാ അമോൽ പണിക്കർ നാലാംസ്ഥാനവും (1000 ദിർഹം) സ്വന്തമാക്കി.

അവാർഡുകൾ നേടിയ അധ്യാപകരെയും വിദ്യാർഥികളെയും സ്കൂൾ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, ഡയറക്ടർ സൽമാൻ ഇബ്രാഹിം, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി തുടങ്ങിയവർ അഭിനന്ദിച്ചു. ഷാർജ ബിയാ സ്‌കൂൾ ഓഫ് എൻവയോൺമെന്റ് ആണ് കഴിഞ്ഞ 11 വർഷങ്ങളായി രാജ്യത്തെ സ്കൂളുകൾക്കുവേണ്ടി പരിസ്ഥിതി അവാർഡുകൾ ഏർപ്പെടുത്തുന്നത്.

കോവിഡ് മൂലം ഈ വർഷം വ്യക്തിഗത മത്സരങ്ങളാണ് ഷാർജ പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽനിന്നായി 700-ലേറെ അധ്യാപകർ പങ്കെടുത്തു.