പ്രതിസന്ധി ഘട്ടത്തിലും ആഭ്യന്തര, അന്താരാഷ്ട്ര ഫണ്ടുകൾ വിപണിയിൽ സജീവമാണ്

കൊച്ചി : ലോക്ഡൗൺ പ്രതിസന്ധി, നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലെ (എൻ.സി.എൽ.ടി.) നടപടികൾ എന്നിവയ്ക്കിടയിലും ഇന്ത്യയിലേക്ക് നിക്ഷേപമൊഴുകുന്നു. പ്രതിസന്ധി ഘട്ടത്തിലും ആഭ്യന്തര, അന്താരാഷ്ട്ര ഫണ്ടുകൾ വിപണിയിൽ സജീവമാണ്. സ്വകാര്യ ഇക്വിറ്റി, വിദേശ ഫണ്ടുകൾ ആകർഷകമായ മൂല്യത്തിൽ എൻ.സി.എൽ.ടി. നടപടികൾ നേരിടുന്ന ആസ്തികളിലും മികച്ച താത്‌പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫറാല്ലോൺ, ബെയ്ൻ പിരാമൽ, ഓക്ട്രീ, അറീസ് എസ്.എസ്.ജി., കൊട്ടക് സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ട്, വാർഡ് പാർട്‌ണേഴ്‌സ്, പി.എ.ജി. തുടങ്ങിയവയാണ് നിക്ഷേപത്തിൽ സജീവമായി നിൽക്കുന്നത്. ലോക്ഡൗൺ പ്രതിസന്ധിയും എൻ.സി.എൽ.ടി.യിൽ റെസല്യൂഷൻ നടപടികളിൽ കാലതാമസം നേരിടുകയും ചെയ്യുന്നതിനിടെയാണിതെന്നതും ശ്രദ്ധേയമാണ്.

എൻ.സി.എൽ.ടി.യി.ൽ നടപടികൾ നേരിടുന്ന പ്രീയസ് കൊമേഴ്‌സ്യൽ പ്രോജക്ടുകൾ 450 കോടി രൂപയ്ക്ക് നേരിട്ട് ഏറ്റെടുക്കുന്നതിനുള്ള കരാറാണ് കൊട്ടക് നടത്തിയത്. എൻ.സി.എൽ.ടി.യിൽനിന്ന്‌ 200 കോടി രൂപയ്ക്ക് ആംടെക് റിങ് ഗിയർ ഏറ്റെടുക്കുന്നതിനാണ് അറീസ് എസ്.എസ്.ജി. അപേക്ഷ നൽകിയിട്ടുള്ളത്. ആൾട്ടികോ, വേദാന്ത, ഈഡിൽവെയ്‌സ് എന്നിവയിലും അറീസ് എസ്.എസ്.ജി. നിക്ഷേപം നടത്തി.

ലോധ ബിൽഡേഴ്‌സ്, ജി.എം.ആർ. ഗ്രൂപ്പ്, രത്തൻഇന്ത്യ പവർ എന്നിവയിൽ വാർഡ് പാർട്‌ണേഴ്‌സും നിക്ഷേപം നടത്തി. ഈഡിൽവെയ്‌സ് വെൽത്ത് മാനേജ്‌മെന്റ് ബിസിനസിന്റെ ഓഹരി നിയന്ത്രണമേറ്റെടുക്കാനാണ് പി.എ.ജി. നിക്ഷേപം നടത്തിയത്. ഡേവിഡ്‌സൺ കെംനർ പാർട്‌ണേഴ്‌സ്, ട്രൂനോർത്ത്, ഈഡിൽവെയ്‌സ് സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ട്, അപ്പോളോ കാപ്പിറ്റൽ, ഗോൾഡ്മാൻ എന്നിവയാണ് മറ്റ് പ്രധാന നിക്ഷേപകർ. ആസ്തി വാങ്ങൽ, കടത്തിൽനിന്നു രക്ഷിക്കൽ, എൻ.സി.എൽ.ടി. നടപടികൾ വഴിയുള്ള ഏറ്റെടുക്കൽ തുടങ്ങിയ രൂപത്തിലാണ് ഈ നിക്ഷേപങ്ങളെല്ലാം നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ നിക്ഷേപ നടപടികൾ ആകർഷകമാണെങ്കിലും ഇതൊരു സങ്കീർണമായ പ്രക്രിയയാണ്. ഈ കമ്പനികൾക്ക് ബാധ്യതയുള്ള ബാങ്കുകളുടെ അനുമതിയും റെഗുലേറ്ററി ക്ലിയറൻസും ലഭിക്കേണ്ടതുണ്ട്. അതിനാൽത്തന്നെ ഇതൊരു നീണ്ട പ്രക്രിയയാകും.