അബുദാബി : ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്നതോടെ മേഖലയിലെ സുപ്രധാന സാംസ്കാരിക, പ്രാർഥനാകേന്ദ്രമായ ഈ വലിയപള്ളിയിലെത്തുന്നത് വിവിധ എമിറേറ്റുകളിൽ നിന്നുള്ളവരാണ്. 2021 ആദ്യപകുതിയിൽ 2,35,700 പേരാണ് പള്ളി സന്ദർശിച്ചത്. ഇവരിൽ 65,500 വിശ്വാസികളും 1,26,000 സന്ദർശകരും ഉൾപ്പെടും.

ഈ വർഷം ആദ്യ മൂന്നുമാസത്തെക്കാൾ 53 ശതമാനത്തിന്റെ വർധനയാണ് സന്ദർശകരുടെ എണ്ണത്തിൽ രണ്ടാംപകുതിയിലുണ്ടായിട്ടുള്ളത്. സന്ദർശകരിൽ 54 ശതമാനമാളുകൾ യു.എ.ഇ.യിലുള്ളവരും 46 ശതമാനം ആളുകൾ വിദേശികളുമാണ്. 25-നും 35-നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിലധികവും. ഇവർക്കുപുറമെ സാംസ്കാരിക വിനോദയാത്രാപദ്ധതിയുടെ ഭാഗമായി പള്ളിസന്ദർശിച്ചവരും ഒട്ടേറെയാണ്.

സഹിഷ്ണുതാസന്ദേശങ്ങളും ഇസ്‌ലാമിക ഉദ്ബോധനങ്ങളും പങ്കുവെക്കുന്ന 1700 യാത്രകൾ ഇക്കാലയളവിൽ നടന്നു. ഇൻസ്റ്റഗ്രാം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയിലൂടെ ഇംഗ്ലീഷ്, അറബി ഭാഷകളിൽ നടത്തിയ സാംസ്കാരിക പരിപാടികളിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ കാഴ്ചക്കാരായി.

നിർമാണത്തിലെ വ്യത്യസ്തതകൾകൊണ്ട് ഇതിനകം യു.എ.ഇ.യുടെ വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയ ഗ്രാൻഡ്മോസ്‌ക് എല്ലാ മതവിശ്വാസങ്ങളിൽപ്പെടുന്നവർക്കും ആതിഥ്യമരുളുന്ന കേന്ദ്രമാണ്.

വെണ്ണക്കല്ലിൽ കൊത്തിയ മിനാരങ്ങളും വിശാലമായ അകത്തളവും ഇടനാഴികളുമെല്ലാം സന്ദർശകർക്ക് മറക്കാനാവാത്ത കാഴ്ചയാണ് സമ്മാനിക്കുക. യു.എ.ഇ.യുടെ സംസ്കൃതിയും പൈതൃകവും ഇസ്ലാമിക മൂല്യങ്ങളുമെല്ലാം ലോകത്തിന് പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമിക്കപ്പെട്ടത്.