ദുബായ് : വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് മീറ്റ് ശനിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യപ്രഭാഷണം നടത്തും.

നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകൾ, ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ, പുതുസംരംഭകർക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മോഡറേറ്ററായിരിക്കും. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി.പി. വിജയൻ, സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളിൽ എന്നിവർ മീറ്റിന് നേതൃത്വം നൽകുമെന്ന് മിഡിലീസ്റ്റ് പ്രസിഡന്റ് ഷാഹുൽഹമീദ് പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ നിലനിൽക്കുന്ന ബിസിനസ് സാഹചര്യങ്ങളായിരിക്കും മീറ്റിലെ പ്രധാന ചർച്ചാവിഷയം.

ഒപ്പം കേരളത്തിൽ വ്യവസായ നിക്ഷേപസൗഹൃദ അന്തരീക്ഷമൊരുക്കുന്നതിന് വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറവും കോർപ്പറേറ്റ് നെറ്റ്‌വർക്ക് ഫോറവും സംയുക്തമായി നടത്തുന്ന ‘ഐകോണിക് ഇൻസൈറ്റ്’ എന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കവും കുറിക്കും.