വംശപാരമ്പര്യം, രജോഗുണം വിദ്യാവൈഭവം, ക്ഷാത്രവീര്യം, സൗന്ദര്യം, വിപദിധൈര്യം, കലാനൈപുണ്യം തുടങ്ങിയ ഗുണങ്ങളെല്ലാം തികഞ്ഞിട്ടും വെറുക്കപ്പെടാൻ വിധിക്കപ്പെട്ടവളാണ് കൈകേയി. കേകയരാജ്യത്തെ അശ്വപതി നരേശന്റെ ഓമനപുത്രിയായി ജനിച്ച കൈകേയിക്ക് മാതൃവാത്സല്യം നുകരാൻ ഭാഗ്യമുണ്ടായില്ല. പിടിവാശിക്കാരിയായ പത്നിയെ അശ്വപതിരാജാവ് മാതൃഗൃഹത്തിലേക്കു മടക്കിയയച്ചിരുന്നതിനാൽ, രാജകുമാരിയെ മന്ഥര എന്ന ധാത്രി മുലയൂട്ടിവളർത്തുന്നു. ഏഴ് ആങ്ങളമാരുടെ ഏകസഹോദരി. ആയോധനകലയിലും കുതിരസവാരിയിലും അദ്വിതീയയായി. ആയുധം വീശാൻ മാത്രമല്ല, രഥം തെളിക്കാനും അവൾ അതിസമർഥയായിരുന്നു.

തനിക്കുപിറക്കുന്ന കുമാരനാവണം അയോധ്യയുടെ അനന്തരാവകാശി എന്ന നിബന്ധനമേലാണ് പിതാവ് തന്നെ മധ്യവയസ്സോടടുത്ത, പരാക്രമശാലിയായ നേമി എന്ന രാജാവിന് വിവാഹം കഴിച്ചുകൊടുക്കുന്നത് എന്ന പരമാർഥം കേവലം പന്ത്രണ്ടുവയസ്സുള്ള കൈകേയി അറിഞ്ഞിരുന്നില്ല.

അജപുത്രനായ നേമി ദശരഥൻ എന്നപേരിൽ ലോകപ്രശസ്തനായിത്തീർന്നതിൽ കൈകേയിക്ക്‌ പങ്കുണ്ട്. ശംബരാസുരനുമായുണ്ടായ യുദ്ധത്തിൽ നേമിയുടെ രഥം തെളിച്ചതും മുറിവേറ്റ കാന്തനെ മിന്നൽവേഗത്തിൽ യുദ്ധഭൂമിയിൽനിന്നുമാറ്റി ശുശ്രൂഷയിലൂടെ പ്രാണൻ രക്ഷിച്ചതും കൈകേയിയാണ്. തദവസരത്തിൽ, ഭർത്താവ് വാഗ്ദാനംചെയ്ത വരങ്ങൾ സ്വീകരിക്കാൻ കൈകേയിക്ക് ഒരു തിടുക്കവുമില്ല. ആപത്തിൽ ഭർത്താവിനെ തുണയ്ക്കുക എന്ന പത്നീധർമമാണ് താൻ നിറവേറ്റിയതെന്നും വരങ്ങൾ പിന്നീടെപ്പോഴെങ്കിലും സ്വീകരിച്ചുകൊള്ളാം എന്നുമാണ് അവർ വിനയപൂർവം പറയുന്നത്.

ദശരഥപുത്രന്മാരുടെ വിവാഹാനന്തരം നവവധൂവരന്മാരെ ശിരസ്സുകളിൽ നെന്മണികൾ തൂകി, ദീപമുഴിഞ്ഞ് ദൃഷ്ടിദോഷശമനംവരുത്തി സന്തോഷത്തോടെ ഗൃഹത്തിലേക്കാനയിക്കുന്നത് കൈകേയിയാണ്. രാമന്റെ പട്ടാഭിഷേകവാർത്തയറിഞ്ഞ് അലമുറയിട്ടുകൊണ്ടുവന്ന മന്ഥരയോട് ഭരതമാതാവ് ആദ്യം അന്വേഷിക്കുന്നത് ദശരഥനും തന്റെ രാമനും കൗസല്യക്കും സുമിത്രയ്ക്കും ആപത്തൊന്നുമില്ലല്ലോ എന്നാണ്. മഹാരാജാവ് ഭരതകുമാരനെ ചതിച്ച് രാമനു സിംഹാസനം നൽകാൻ പദ്ധതിയിടുന്നു എന്ന് മന്ഥര ഏഷണികൂട്ടുമ്പോൾ, ‘അദ്ദേഹം അത്തരക്കാരനല്ല. എന്റെ മൂത്ത പുത്രൻ രാമൻ ഒരിക്കലും ഭരതനു ദോഷംവരുന്ന യാതൊന്നും ചെയ്യില്ല’, എന്നത്രേ കൈകേയിയുടെ മറുപടി. ഇത്രയൊക്കെയായിട്ടും അവരുടെ മനസ്സിൽ വിഷം കുത്തിവെക്കുന്നതിൽ മന്ഥര വിജയിക്കുന്നത് വിധിവൈപരീത്യംകൊണ്ടുമാത്രം.

ദശരഥന്റെ വേർപാടും ഭരതക്രോധവും താങ്ങാനാവാതെ കൈകേയി കേഴുന്നു. സപത്നിമാരെ നേരിടാനാവാതെ മൗനത്തിലേക്ക് വലിയുന്നു. സുമിത്രയുടെ ധർമോപദേശമില്ലായിരുന്നെങ്കിൽ കൈകേയി, ഭർത്താവിന്റെ ചിതയിൽച്ചാടി സതിയനുഷ്ഠിക്കുമായിരുന്നു. മന്ഥരയുടെ ഉപദേശംകേട്ട് എല്ലാവരുടെയും വെറുപ്പിനു പാത്രമായ കൈകേയി ഏകാന്തതയുടെ തടവറയിലേക്ക് സ്വയം വലിയുന്നു. പശ്ചാത്താപം പാപക്കറ കഴുകിക്കളയുമെങ്കിലും ബുദ്ധിമോശംകൊണ്ട് സ്വയം വരുത്തിവെക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമില്ലെന്ന വിലപ്പെട്ട പാഠമാണ് കൈകേയിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.വര: ബി.എസ്‌. പ്രദീപ്‌കുമാർ