ഷാർജ : കടലിലിറങ്ങുന്നവർ അപകടമേഖല മറക്കരുതെന്ന് ഷാർജ പോലീസ് ഓർമിപ്പിച്ചു. ഈദ് അവധി ആഘോഷത്തിനായി ബീച്ചുകളിലെത്തുന്നവർ അപകട മേഖലയുടെ മുന്നറിയിപ്പ് ബോർഡുകൾ വെച്ച ഭാഗങ്ങൾ മറികടന്ന് നീന്താനിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് കർശന മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് ബോർഡുകൾ വെച്ച ഭാഗങ്ങളിൽ ഇറങ്ങരുത്, ബീച്ചുകളിലെത്തുന്ന കുടുംബങ്ങൾ കുട്ടികളുടെ മേൽ പ്രത്യേക ശ്രദ്ധനൽകണമെന്നും പോലീസ് ഓർമിപ്പിച്ചു.

പാർക്കുചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുത്. ചൂടുകാലത്ത് കൂടുതൽ സമയം വാഹനങ്ങളിൽ തനിച്ചാകുന്ന കുട്ടികളുടെ മരണം സംഭവിക്കാൻ സാധ്യതയേറെയാണെന്നും ഷാർജ പോലീസ് പറഞ്ഞു.

പൊതുജനങ്ങൾ പോലീസുമായി സഹകരിച്ചുകൊണ്ട് അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിവരമറിയിക്കണം. അല്ലാത്തവ 901 എന്ന നമ്പറിലും വിളിക്കാവുന്നതാണെന്നും ഷാർജ പോലീസ് അറിയിച്ചു.