ഷാർജ : ഗൾഫിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുംവിധത്തിൽ നീറ്റ്‌ പരീക്ഷാകേന്ദ്രം ദുബായിൽ അനുവദിക്കാമെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രഥാന്റെ പ്രസ്താവനയെ യു.എ.ഇ.യിലെ ഇന്ത്യൻ വിദ്യാർഥികളും രക്ഷിതാക്കളും സ്വാഗതംചെയ്തു. യു.എ.ഇ.യിലെ 80 സി.ബി.എസ്.ഇ. സ്കൂളുകൾ, കേരള സിലബസിലെ ഒമ്പത് സ്കൂളുകൾ എന്നിവിടങ്ങളിലായി യു.എ.ഇ.യിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പുതിയ കേന്ദ്രത്തിന്റെ ഗുണം ലഭിക്കും.

നീറ്റ് പരീക്ഷാകേന്ദ്രം യു.എ.ഇ.യിൽ അനുവദിച്ചുകിട്ടാൻ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഗൾഫിൽ കുവൈത്തിൽ മാത്രമാണ് കേന്ദ്രമുള്ളതെങ്കിലും കോവിഡ് വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ യാത്രാവിലക്കുണ്ട്. മറ്റേതെങ്കിലും രാജ്യംവഴി കുവൈത്തിലെത്തിയാലും 14 ദിവസം ക്വാറന്റീൻ നടപടികൾ പൂർത്തിയാക്കണം. അങ്ങനെയെങ്കിൽ പരീക്ഷാദിനങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ കേന്ദ്രത്തിന്റെ നടപടികൾ വൈകില്ലെന്ന പ്രതീക്ഷയിലാണ് വിദ്യാർഥിസമൂഹം.

അനുവദിച്ചാൽ ഷാർജ ഇന്ത്യൻ സ്കൂൾ കേന്ദ്രമാക്കാം

:അധികൃതർ അനുവദിച്ചാൽ നീറ്റ് പ്രവേശന പരീക്ഷാകേന്ദ്രത്തിനായി ഷാർജ ഇന്ത്യൻ സ്കൂൾ വിട്ടുനൽകാൻ ഒരുക്കമാണെന്ന് ഇന്ത്യൻ അസോസോയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പറഞ്ഞു. അതിനായി മുൻകൂട്ടി കേന്ദ്ര-കേരള സർക്കാരുകൾക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. യു.എ.ഇ.യിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഷാർജയിലെത്താനും എളുപ്പമാണ്. ഇന്ത്യൻ സ്കൂളിൽ പരീക്ഷാകേന്ദ്രത്തിനുള്ള അടിസ്ഥാന സൗകര്യം പൂർണമായും സജ്ജമാണെന്നും ഇ.പി. ജോൺസൺ അറിയിച്ചു.

നേരത്തേ എൻ.ഐ.ടി. പരീക്ഷാകേന്ദ്രം ഇന്ത്യൻ സ്കൂളിലുണ്ടായിരുന്നു. ഐ.ഐ.ടി. പരീക്ഷാകേന്ദ്രം നടത്താൻപോലും ആവശ്യമായ സൗകര്യം ഷാർജയിൽ തയ്യാറാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ദുബായിൽ നീറ്റ്‌ പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന കേന്ദ്രത്തിന്റെ അറിയിപ്പ് സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജനും പറഞ്ഞു. വേനലവധി കഴിഞ്ഞ് സ്‌കൂൾ അധ്യയനം ആരംഭിക്കുമ്പോൾ ഷാർജ ഇന്ത്യൻ സ്കൂളിലെ 120 ക്ലാസ് മുറികളിൽ പൂർണമായും വൈഫൈ സംവിധാനം ഒരുക്കുമെന്നും ഇ.പി. ജോൺസൺ പറഞ്ഞു. വെർച്വൽ, മുഖാമുഖം ക്ലാസുകളിൽ ഒരേസമയം കുട്ടികൾക്ക് പങ്കെടുക്കാനും സാധിക്കും. കൂടാതെ ഷാർജ സ്വകാര്യ സ്കൂൾ തലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും സെപ്റ്റംബർ മാസത്തോടെ വാക്സിനേഷൻ സൗകര്യവും ഇന്ത്യൻ സ്കൂളിൽ ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. അതിനായി അനുമതി ലഭിക്കാൻ അപേക്ഷിക്കാനും തീരുമാനമായി.