അബുദാബി : ലിവയിൽ തേന്മധുരം പകർന്ന് ഈന്തപ്പഴമഹോത്സവം. ഈന്തപ്പഴ കർഷകർക്കും മറ്റു പ്രാദേശിക വിളകൾ ഉത്പാദിപ്പിക്കുന്നവർക്കും പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ പൈതൃകാഘോഷ കമ്മിറ്റി നടപ്പാക്കുന്ന മേള ഇത്തവണ വ്യവസ്ഥകളോടെയാണ് കൊണ്ടാടുന്നത്. ആളുകൾക്ക് പൂർണമായും പ്രവേശനം ലഭ്യമാകാതെയാണ് പ്രദർശനം.

മേഖലയിൽ ഉത്പാദിപ്പിക്കുന്ന മുൻനിര ഈന്തപ്പഴങ്ങൾ, അവയുടെ മൂല്യവർധിത ഉത്പന്നങ്ങളായ സോസ്‌, ജാം, സ്‌ക്വാഷ്, അച്ചാർ, പലഹാരങ്ങൾ എന്നിവയെല്ലാം മേളയിൽ കാണാനാവും.

ഒരുകിലോയ്ക്ക് 6000 ദിർഹം (ഒരു ലക്ഷത്തിലധികം രൂപ) വരെ വിലവരുന്ന ലേലവും മേളയുടെ പ്രത്യേകതയാണ്. ഈന്തപ്പനയോലകൊണ്ടുണ്ടാക്കിയ പായകൾ, വിശറികൾ, പാത്രങ്ങൾ, ഈന്തപ്പനയോലയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങൾ, വിളക്ക് കാലുകൾ, മേശകൾ, ഈന്തപ്പനയുടെ കാതൽ കൊണ്ടുണ്ടാക്കിയ പഴകാല താമസകേന്ദ്രങ്ങളുടെ മാതൃകകൾ, പണപ്പെട്ടികൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

ഈന്തപ്പഴവുമായി ബന്ധപ്പെട്ട 22 മത്സരയിനങ്ങളിലായി 82 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുക.

ഏറ്റവും വലുപ്പമേറിയ ഈന്തപ്പഴക്കുല, പഴം, നിറം, മികച്ച ഫാം, കർഷകൻ എന്നിവയെല്ലാം മത്സരയിനങ്ങളാണ്.

ഈന്തപ്പനയുടെ കൃഷിരീതികൾ, ജലസേചന മാർഗങ്ങൾ, യു.എ.ഇയിലെ ചൂടുള്ള കാലാവസ്ഥയിലും മികച്ച കായ്ഫലം തരുന്ന വിളകൾ എന്നിവയെക്കുറിച്ചുള്ള അവതരണങ്ങൾക്കും മേള വേദിയാണ്. ഞായറാഴ്ച മേള സമാപിക്കും.