ഇ.ടി. പ്രകാശ്

ഷാർജ

: തിരക്കുപിടിച്ച ജീവിതത്തിലും സ്വന്തം നാടും കാഴ്ചകളും മനസ്സിൽകൊണ്ടുനടക്കുന്ന പ്രവാസികൾക്ക് ഒത്തുകൂടാൻ അജ്മാനിൽ നാടൻ കള്ളുഷാപ്പിന്റെ മാതൃകയിൽ ഒരു ഭക്ഷണശാലയുണ്ട്. സിനിമാപോസ്റ്ററുകളും മറ്റും ഒട്ടിച്ച ഈ ഷാപ്പിന്റെ പരിസരം ആളുകൾക്ക് അവധിദിനത്തിൽ ഒത്തുകൂടാനുള്ള വേദിയാണ്.

നാട്ടിലെപ്പോലെ തെങ്ങിൻകള്ള് കിട്ടില്ലെങ്കിലും തെങ്ങിളനീർ കൊണ്ടുള്ള പാനീയം കള്ളുഷാപ്പിനെ ഓർമിപ്പിക്കുംവിധം ഇവിടെനിന്ന്‌ വാങ്ങി കഴിക്കാം. ഷാപ്പിനുപുറത്ത് കാണാറുള്ളതുപോലെ ‘കള്ള്’ എന്ന ബോർഡും മലയാളത്തിലും ഇംഗ്ലീഷിലുമുണ്ട്. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കേന്ദ്രം. ഇത്തരത്തിൽ നിരവധിഫാമുകൾ പ്രവാസികളുടെ അവധിക്കാലങ്ങൾ ആഘോഷമാക്കാൻ ഒരുക്കിയിട്ടുണ്ട്. വീടുകളിലെ പഴയകാലത്തെ റാന്തൽ വിളക്കുകളും ഫാമുകളിൽ കാണാനാവും. കൃത്രിമമായി രാത്രിമഴപെയ്യിച്ച് ചില ഫാമുകൾ കൂടുതൽ നാട്ടോർമകളിലേക്ക് മലയാളികളെ കൊണ്ടുപോകുന്നുമുണ്ട്.

സ്വന്തം നാടിനെക്കുറിച്ച് എഴുതിയും വായിച്ചും പറഞ്ഞും മതിവരാത്ത മലയാളികൾക്ക് താത്കാലികാശ്വാസമാണ് ഇതുപോലുള്ള ഇടങ്ങൾ. ഫാമുകളിൽനിന്ന് പശു, എരുമ, ആട്, ഒട്ടകം എന്നിവയുടെ പാലും മലയാളികൾ കൊണ്ടുപോകുന്നു. ഇവയ്ക്ക് ആവശ്യക്കാർ കൂടിവരികയാണ്. ഉമ്മുൽഖുവൈൻ, റാസൽഖൈമ അടക്കമുള്ള എമിറേറ്റുകളിലെ കൃഷിയിടങ്ങളിലേക്കും ധാരാളമായി മലയാളികളെത്തുന്നുണ്ട്.

ജൈവ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും ഇഷ്ടം കൂടുന്നതിനാൽ ബാൽക്കണികളിലും വില്ലകളിലുമെല്ലാം ‘കുഞ്ഞൻ കൃഷി’യും കൂടുന്നുണ്ട്. ആദ്യകാലങ്ങളിൽ സ്വദേശികളുടെ ഉടമസ്ഥതയിൽ മാത്രമായിരിക്കുന്നു ഫാമുകളിൽ അധികവും. എന്നാലിപ്പോൾ മലയാളികളുടെ ഉടമസ്ഥതയിലും എല്ലാ സൗകര്യങ്ങളോടുംകൂടിയ നിരവധി ഫാമുകളാണുള്ളത്.