മുംബൈ

: കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയ്ക്കിടയിൽ ഒട്ടേറെപ്പേർക്ക് ജോലി നഷ്ടമായിക്കൊണ്ടിരിക്കുമ്പോൾ ഐ.ടി. മേഖലയിൽനിന്ന് ആശ്വാസവാർത്ത. ഇന്ത്യൻ ഐ.ടി. കമ്പനികൾ നടപ്പുസാമ്പത്തികവർഷം ഒന്നരലക്ഷത്തോളം പുതിയ നിയമനങ്ങൾ നടത്താൻ പദ്ധതിയിടുന്നുവെന്നത് തുടക്കക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കോവിഡിനെത്തുടർന്ന് അന്താരാഷ്ട്രതലത്തിൽ ഡിജിെറ്റെസേഷൻ പദ്ധതികൾക്ക് പ്രാധാന്യം വർധിച്ചതാണ് പുതിയ നിയമനങ്ങൾ കൂടാനുള്ള പ്രധാന കാരണം.

ഇന്ത്യയിലെ മുൻനിര ഐ.ടി. കമ്പനികളായ ടി.സി.എസ്., ഇൻഫോസിസ്, എച്ച്.സി.എൽ., വിപ്രോ എന്നിവയ്ക്ക് ആഗോള കോർപ്പറേറ്റ് കമ്പനികളിൽനിന്ന് പുതിയ വൻകിട സേവന കരാറുകൾ ലഭിച്ചിട്ടുണ്ട്. ഈസാഹചര്യത്തിൽ നാലുകമ്പനികളും ചേർന്ന് 1.2 ലക്ഷം പേർക്ക് പുതിയ നിയമനം നൽകുമെന്നാണ് സൂചന നൽകിയിട്ടുള്ളത്. ടി.സി.എസ്. 40,000 പേർക്കും ഇൻഫോസിസ് 35,000 പേർക്കും എച്ച്.സി.എൽ. 22,000 പേർക്കും വിപ്രോ 30,000 പേർക്കും നിയമനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ എൽ. ആൻഡ് ടി., മൈൻഡ് ട്രീ പോലുള്ള കമ്പനികളും വലിയ അളവിൽ നിയമനത്തിന് പദ്ധതിയിടുന്നു.

ഏപ്രിൽ-ജൂൺ കാലയളവിൽ ടി.സി.എസിൽ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷവും വിപ്രോയിൽ രണ്ടുലക്ഷവും കടന്നിരുന്നു. ഇക്കാലത്ത് നാലുകമ്പനികളും ചേർന്ന് 48,500 പേർക്ക് നിയമന ഉത്തരവ് നൽകി. ടി.സി.എസിൽ 20,400, ഇൻഫോസിസിൽ 8200, വിപ്രോയിൽ 12,150, എച്ച്.സി.എലിൽ 7500 എന്നിങ്ങനെയാണ് നിയമനങ്ങൾ.

പരിചയസമ്പന്നരായവരെ നിയമിക്കുന്നത് ചെലവുകൂട്ടുമെന്നതിനാൽ കാമ്പസ് നിയമനങ്ങൾക്കാകും കമ്പനികൾ മുൻഗണന നൽകുക.