ഷാർജ : കേരള എൻജിനിയറിങ് പ്രവേശനപരീക്ഷ (കീം) എഴുതാനായി യു.എ.ഇ.യിൽനിന്നും 383 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു.

ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ് (നിംസ് ദുബായ്) യു.എ.ഇ.യിലെ ഏക പരീക്ഷാകേന്ദ്രം. ഓഗസ്റ്റ് അഞ്ചിനാണ് കീം പരീക്ഷ നടക്കുക. ഈ മാസം 24-ന് നടക്കേണ്ടിയിരുന്ന പരീക്ഷ ഐ.ഐ.ടി, ജെ.ഇ.ഇ. പ്രവേശനപരീക്ഷ കാരണം തീയതി മാറ്റുകയായിരുന്നു.

രാവിലെ 8.30 മുതൽ 11-വരെ ഭൗതികശാസ്ത്രവും രസതന്ത്രവും ഉച്ചയ്ക്ക് ഒരുമണിമുതൽ 3.30 വരെ കണക്കുപരീക്ഷയുമാണ്. ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് പരീക്ഷ നടത്തുന്നത്.

കേരളത്തിൽനിന്ന് ഓൺലൈനായി വിദ്യാഭ്യാസ ഉന്നതാധികാരികൾ തത്സമയം പരീക്ഷ നിരീക്ഷിക്കും. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പരീക്ഷ നടത്താനുള്ള ഉത്തരവ് നിംസ് അധികൃതർക്ക് ജൂലായ് 17-നാണ് ലഭിച്ചത്.