കൊച്ചി : ആർ.പി. ഗോയെങ്ക (ആർ.പി.ജി.) ഗ്രൂപ്പിനു കീഴിൽ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹാരിസൺസ് മലയാളം’, ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ആഗോള തലത്തിൽ കമ്പനികളുടെ തൊഴിൽ സംസ്കാരത്തെക്കുറിച്ച് ആധികാരികമായ പഠനം നടത്തുന്ന ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട്’ തയ്യാറാക്കിയ ഏഷ്യയിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ 16-ാം സ്ഥാനത്താണ് ഹാരിസൺസ്.

ഏഷ്യയിലെ 200 മുൻനിര കമ്പനികളിൽനിന്നാണ് പട്ടിക തയ്യാറാക്കിയത്. ഇതിനായി, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് ജീവനക്കാരോട് രഹസ്യമായി വിവരങ്ങൾ അന്വേഷിച്ചു. കമ്പനികളുടെ വിശ്വസ്തത, നൂതനാശയങ്ങൾ, മൂല്യങ്ങൾ, നേതൃഗുണം എന്നിവ കണക്കിലെടുത്തു. ഏഷ്യയിലെയും ഗൾഫ് മേഖലയിലെയും 16 രാജ്യങ്ങളിലായി 33 ലക്ഷം ജീവനക്കാരെ സർവേയിൽ പങ്കെടുപ്പിച്ചു.

തൊഴിലാളികളോടുള്ള പ്രതിബദ്ധതയും മികച്ച തൊഴിൽ അന്തരീക്ഷവുമാണ് ഈ ബഹുമതി നേടാൻ സഹായിച്ചതെന്ന് ഹാരിസൺസ് മലയാളം ലിമിറ്റഡ് ചീഫ് എക്സിക്യുട്ടീവും മുഴുവൻസമയ ഡയറക്ടറുമായ ചെറിയാൻ എം. ജോർജ് പറഞ്ഞു. ജീവനക്കാരുടെ സംതൃപ്തി അളക്കാൻ ആർ.പി.ജി. ഗ്രൂപ്പ് ‘ഹാപ്പിനെസ് ഇൻഡെക്സി’ന് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ ഏഷ്യയിലെ ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ പട്ടികയിൽ ഇടംപിടിച്ച കമ്പനികളിൽ 21 ശതമാനവും ഇന്ത്യയിൽനിന്നുള്ളവയാണ്. കോർപ്പറേറ്റ് തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ജീവനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുകയും അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുകയും ലാഭത്തിന്റെ ഒരു പങ്ക് കൈമാറുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഇന്ത്യയിലെ ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ പട്ടികയിൽ ആറാം സ്ഥാനത്ത് ഹാരിസൺസ് എത്തിയിട്ടുണ്ട്.