അബുദാബി : തടവുകാർക്ക് തൊഴിൽ പരിശീലനം ലഭ്യമാക്കി അബുദാബി പോലീസ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1390 പേർക്കാണ് വ്യത്യസ്തമേഖലകളിൽ തൊഴിൽ പരിശീലനം നൽകിയത്. ശിക്ഷ കഴിഞ്ഞുപോകുമ്പോൾ സ്വന്തമായി ജോലിചെയ്ത് സാധാരണ ജീവിതത്തിലേക്ക് എളുപ്പം കടക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

ഖുർആൻ പഠനം, സാങ്കേതിക തൊഴിൽ നൈപുണ്യപരിശീലനം, വിപണിയെക്കുറിച്ചുള്ള പഠനം എന്നിവയെല്ലാം പദ്ധതിയിലുൾപ്പെടും. കരകൗശല വസ്തുക്കളടക്കമുള്ളവയുടെ നിർമാണം ജയിലിൽ സജീവമാണ്. വിപണിയെക്കുറിച്ചുള്ള നല്ലധാരണയും ജോലിചെയ്തുള്ള പരിചയവും അന്തേവാസികളുടെ തുടർജീവിതം സുഗമമാക്കുമെന്ന് പോലീസ് സാമൂഹിക സുരക്ഷാവിഭാഗം അറിയിച്ചു.