ഫുജൈറ : സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ ചൈനീസ് വംശജനെ 48 മണിക്കൂറിനകം പിടികൂടി ഫുജൈറ പോലീസ്. ഫുജൈറയിലെ ഈദ് മുസല്ലയുടെ പുറകിൽ 39 വയസ്സുള്ള സ്വദേശിയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാക്ഷിമൊഴികളുടെയും ഫൊ റൻസിക് വിദഗ്ധരുടെയും അടിസ്ഥാനത്തിൽ പ്രതിയിലേക്ക് എത്താനായി.

31-കാരനായ ചൈനീസ് വംശജനാണ് കൃത്യത്തിന് പിറകിലെന്നും ഇയാളുടെ പക്കൽ നിന്ന് കൊല്ലപ്പെട്ട വ്യക്തിയിൽനിന്നും മോഷ്ടിച്ച മുതലുകളും കണ്ടെത്തിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് അഹമ്മദ് അൽഷഹീർ അറിയിച്ചു. ഈദ് മുസല്ലയുടെ പിറകിൽ നിർത്തിയിട്ട സ്വദേശിയുടെ വാഹനത്തിൽ അതിക്രമിച്ച് കയറിയ പ്രതി തോക്ക് ചൂണ്ടുകയായിരുന്നു. ഈ തോക്കും മറ്റൊരുവില്ലയിൽനിന്ന് മോഷ്ടിച്ചതാണ്. സ്വദേശി വാഹനത്തിൽനിന്നും ഇറങ്ങാൻ ശ്രമിക്കവെ പിറകിൽനിന്നും നിറയൊഴിച്ച പ്രതി മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. സ്വദേശിയുടെ പേഴ്‌സടക്കം വാഹനത്തിലുണ്ടായ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും ഇയാൾ കൈക്കലാക്കിയിരുന്നു. ചുരുങ്ങിയ സമയത്തിനകം പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന പോലീസ് ശ്രമങ്ങളെ ഫുജൈറ പോലീസ് ചീഫ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഗാനിം അൽ കാബി അഭിനന്ദിച്ചു.