അബുദാബി : കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് എമിറേറ്റുകളിൽ വിമാനമിറങ്ങി അബുദാബിയിലേക്ക് വരുന്നവർക്കായി ഗന്ധൂത് ചെക്പോയിന്റിൽ പ്രത്യേക സേവനകേന്ദ്രമൊരുക്കി. അബുദാബി മീഡിയ ഓഫീസാണ് പുതുതായി ആരംഭിച്ച 'അന്താരാഷ്ട്ര പാസഞ്ചർ സെന്റർ' സേവനങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. കേന്ദ്രത്തിലെത്തുന്ന യാത്രികർ ഒരു ഫോറം പൂരിപ്പിക്കണം.

അബുദാബിയുടെ ഗ്രീൻലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. മറ്റുരാജ്യങ്ങളിൽനിന്ന് വരുന്നവർ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കണം. കേന്ദ്രത്തിൽനിന്ന് നൽകുന്ന സ്മാർട്ട് ബാൻഡ് ധരിച്ചാവണം ക്വാറന്റീനിൽ കഴിയേണ്ടത്. വിദേശരാജ്യങ്ങളിൽനിന്ന് അബുദാബിയിലേക്ക് വരുന്നവരുടെ ക്വാറന്റീൻ വ്യവസ്ഥകൾ ജൂലായ് ആദ്യമാണ് അബുദാബി അത്യാഹിത ദുരന്തനിവാരണ വകുപ്പ് പരിഷ്കരിച്ചത്.

ഗ്രീൻ രാജ്യങ്ങളിൽനിന്ന് വരുന്ന വാക്സിനെടുത്ത യാത്രികർ എത്തിയാലുടനും ആറാം ദിവസവും പി.സി.ആർ. പരിശോധന നടത്തണം. മറ്റുരാജ്യങ്ങളിൽനിന്ന് എത്തുന്നവർ വന്നയുടനും ആറാം ദിവസവും പി.സി.ആർ. പരിശോധന നടത്തണം. ഏഴുദിവസത്തെ ക്വാറന്റീനും പൂർത്തിയാക്കണം. ഗ്രീൻ പട്ടികയിലുള്ള രാജ്യത്തുനിന്ന് വരുന്ന വാക്സിനെടുക്കാത്ത താമസവിസയുള്ളവർ എത്തിയ ഉടനും ആറ്, 12 ദിവസങ്ങളിലും പി.സി.ആർ. പരിശോധന നടത്തണം. ക്വാറന്റീൻ ആവശ്യമില്ല. മറ്റുരാജ്യങ്ങളിൽനിന്ന് വരുന്നവർ വന്നയുടനും 11-മത്തെ ദിവസവും പി.സി.ആർ പരിശോധന നടത്തുകയും 12 ദിവസം ക്വാറന്റീൻ പൂർത്തിയാക്കുകയും വേണം.

യു.എ.ഇ.യിൽ 1506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബുദാബി : യു.എ.ഇ.യിൽ 1506 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. 1484 പേർ രോഗമുക്തരായി. മൂന്നുപേർ മരിച്ചു. ആകെ മരണസംഖ്യ 1907 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 6,65,533 പേരിൽ 6,43,234 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,524 കോവിഡ് പരിശോധനകളും നടന്നു.

സൗദി അറേബ്യയിൽ 1142 പേർക്ക് കോവിഡ് റിപ്പോർട്ടുചെയ്തു. 1024 പേർ രോഗമുക്തരായി. 12 പേർ മരിച്ചു. ആകെ മരണസംഖ്യ 8115 ആയി. ഇതുവരെ കോവിഡ് ബാധിച്ച 5,13,284 പേരിൽ 4,94,264 പേർ സുഖംപ്രാപിച്ചു. നിലവിൽ ചികിത്സയിലുള്ള 10,905 പേരിൽ 1374 പേരുടെ നില ഗുരുതരമാണ്. റിയാദ് 302, മക്ക 188, കിഴക്കൻ പ്രവിശ്യ 176, അസീർ 143, ജിസാൻ 69, അൽഖസീം 59, മദീന 49, നജ്‌റാൻ 45, ഹായിൽ 43, അൽബാഹ 25, തബൂക് 20, വടക്കൻ അതിർത്തിമേഖല 17, അൽജൗഫ് ആറ്‌്‌ എന്നിങ്ങനെയാണ് വിവിധ മേഖലകളിൽ വൈറസ് ബാധിച്ചവരുടെ എണ്ണം.