ദുബായ് : ഗതാഗത നിയമലംഘനം നടത്തിയ 1700 ഇരുചക്രവാഹനങ്ങൾ ദുബായ് പോലീസ് കണ്ടുകെട്ടി. ഇ-സ്കൂട്ടറുകൾ, മോട്ടോർസൈക്കിളുകൾ എന്നിവ ഇതിലുൾപ്പെടും. അൽ മുറാഖാബാദ് പോലീസാണ് വാഹനങ്ങൾ കണ്ടുകെട്ടിയത്. അശ്രദ്ധമായ ഇ-സ്കൂട്ടർ ഉപയോഗം കാര്യമായ അപകടങ്ങൾക്ക് കാരണമാവാറുണ്ട്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ ഇവ ഉപയോഗിക്കുന്നത് കാൽനടയാത്രികർക്ക് വലിയ പ്രശ്നമാണ് ഉണ്ടാക്കാറുള്ളത്. വാഹനങ്ങളിൽ രൂപമാറ്റം വരുത്തൽ, നമ്പർ പ്ലേറ്റ് ഉപയോഗിക്കാതിരിക്കൽ, എൻജിനിൽ മാറ്റംവരുത്തൽ, അശ്രദ്ധമായ ഉപയോഗം എന്നിവയെല്ലാം നടത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് അൽ മുറാഖാബാദ് പോലീസ് ഡയറക്ടർ മേജർ ജനറൽ അലി ഗാനിം പറഞ്ഞു. വാഹനമോടിക്കുന്നവർ ഹെൽമെറ്റ്, റിഫ്ലക്ടറുകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും പോലീസ് മേധാവി അറിയിച്ചു.