അബുദാബി : യു.എ.ഇ.യിൽ പലയിടത്തും രണ്ടുദിവസമായി മഴ ലഭിച്ചു. ഇതിനകം തന്നെ തണുത്ത അന്തരീക്ഷമായിരുന്ന യു.എ.ഇയെ കൂടുതൽ തണുപ്പിക്കുന്നതായി വെള്ളി, ശനി ദിവസങ്ങളിൽ പെയ്ത മഴ.
റുവൈസ്, ഉംഅൽ അസ്താൻ, ജെബെൽ ദാന, സിർകു ഐലന്റ്, അർസനാഹ് ഐലന്റ് എന്നിവിടങ്ങളിൽ കാര്യമായ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ക്ലൗഡ് സീഡിങ് വഴി മഴപെയ്യിക്കുമെന്ന് വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും തുടരുമെന്നും വകുപ്പ് വ്യക്തമാക്കി. എന്നാൽ ചിലയിടങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് ഉയരാനും സാധ്യതയുണ്ട്.
ശരാശരി 100 മില്ലീമീറ്റർ മാത്രം പ്രതിവർഷ മഴ ലഭിക്കുന്ന യു.എ.ഇ. ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ്. ഇതിന് ശാസ്ത്രീയ പ്രതിവിധിയെന്ന നിലയ്ക്കാണ് കൃത്രിമ സംവിധാനത്തിലൂടെ മഴയുണ്ടാക്കി പരിസ്ഥിതിയെ പരിപാലിക്കുന്നത്.
ഭൂഗർഭ ശുദ്ധജല സ്രോതസ്സുകളുടെ ശേഷി സ്വാഭാവികമായി ഉയർത്താൻ ഇതിലൂടെ കഴിയും.