ദുബായ് : പുകവലി ഒഴിവാക്കുന്നതിലൂടെ ഒരു പരിധിവരെ കോവിഡ് വ്യാപനം തടയാൻ സാധിക്കുമെന്ന് യു.എ.ഇ.യിലെ ഡോക്ടർ. ദിവസേന കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഔട്ട്‌ഡോർ, ഇൻഡോർ പൊതുയിടങ്ങളിൽ പുകവലി ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. സിഗരറ്റ് പുകയിലൂടെ വൈറസ് പടരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ രോഗമുള്ളയാൾ പുകവലിക്കുന്ന സമയം മുഖാവരണം താഴ്ത്തുമ്പോൾ ആ പുകയിലൂടെ വൈറസ് പടരാൻ സാധ്യതയേറെയാണ്. ഇറ്റലി, മെക്‌സിക്കോ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ഗവേഷകരുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ വൈറസ് പടരാനുള്ള സാധ്യത 20 ശതമാനത്തിലേറെയാണ്. ശീഷ, വാട്ടർ പൈപ്പ് ഉപയോഗിക്കുന്നവർക്കും അവ കൈമാറുന്നവർക്കും കോവിഡ് പിടിപെടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും ശീഷ കഫേകളിൽ പോകുന്നവർക്കാണ് സാധ്യതയേറെ. പുകവലി ഇല്ലാത്തതാണ് നല്ലത്. ആ ശീലമുള്ളവർക്ക് അത് ഉപേക്ഷിക്കാനുള്ള വഴികൾ ചിന്തിക്കേണ്ട സമയമാണിത്. പുകവലിക്കണമെന്നുള്ളവർ അതിനായുള്ള നിയുക്ത പ്രദേശങ്ങളോ മറ്റുള്ളവരെ ബാധിക്കാത്ത സ്വകാര്യ സ്ഥലങ്ങളോ ഉപയോഗിക്കണം. പുകവലിക്കുന്നവരിൽ കോവിഡ് രോഗത്തിന്റെ തീവ്രത കൂടുതലുള്ളതായി കണ്ടെത്തിയതിനെത്തുടർന്നാണ് നിർദേശമെന്ന് ദുബായ് മെഡിയോർ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പൊന്നുസ്വാമി തമിഴ്‌വേദൻ പറഞ്ഞു.
യു.എ.ഇ.യിൽ പൊതുയിടങ്ങളിൽ പ്രത്യേകിച്ചും പൊതുപാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ പുകവലിക്ക് നിരോധനമുണ്ട്. വീടിനകത്തും പുറത്തും പുകവലി പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം. കോവിഡ് രോഗികളിൽ തീവ്രത കൂട്ടുന്നതോടൊപ്പം ശ്വാസകോശപ്രവർത്തനത്തെയും സാരമായി ബാധിക്കുമെന്ന് ആസ്റ്റർ ക്ലിനിക് ജനറൽ ഫിസിഷ്യൻ ഡോ. അർഷിയ ബാനു പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളിൽ രോഗത്തിന്റെയും മരണത്തിന്റെയും തീവ്രതയുമായി പുകവലി ബന്ധപ്പെട്ടിരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുണ്ട്. രോഗികളിൽ നടത്തിയ നിരവധി പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.