അബുദാബി : കേരളാ സോഷ്യൽ സെന്റർ ആരോഗ്യമന്ത്രാലയവും തമൂഹ് മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായി. ജനുവരി 22-ന് സെന്ററിൽ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കൊപ്പം മറ്റ് സ്ഥലങ്ങളിൽനിന്ന് ആദ്യഡോസ് സ്വീകരിച്ചവർക്കും ഇവിടെനിന്നും രണ്ടാമത്തെ ഡോസ് നൽകി. സ്വദേശികളും വിദേശികളുമടക്കം ആയിരത്തോളംപേർ ഈ സേവനം പ്രയോജനപ്പെടുത്തി.
കമ്യൂണിറ്റി പോലീസ്, സെന്റർ വൊളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ പൂർണമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വാക്സിനേഷൻ നടന്നത്. സെന്റർ വനിതാവിഭാഗം, വൊളൻറിയർ വിഭാഗം എന്നിവയുടെ ചിട്ടയായ പ്രവർത്തനം നടപടികൾ സുഗമമാക്കി. സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി ലൈന മുഹമ്മദ്, സി.കെ. ബാലചന്ദ്രൻ, നിഷാം വെള്ളുത്തടത്തിൽ എന്നിവർ നേതൃത്വം നൽകി. അബുദാബി കമ്യൂണിറ്റി പോലീസ് മേധാവികൾ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.