മസ്‌കറ്റ് : ഒമാനിൽ ഐ.ടി., ടെലികോം മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. ഒമാൻ തൊഴിൽമന്ത്രാലയം, ഗതാഗതമന്ത്രാലയം, വാർത്താവിനിമയ വിവരസാങ്കേതികവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ പ്രത്യേകയോഗം ചേർന്ന് ഇക്കാര്യം ചർച്ചചെയ്തു. ഈ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുമ്പോഴുള്ള വെല്ലുവിളികളും നടപ്പാക്കാൻ ആവശ്യമായ പദ്ധതികളും ചർച്ചയായി.
സ്വകാര്യമേഖലയിൽ ഇപ്പോഴുള്ള ജീവനക്കാർക്ക് പകരം ഒമാൻ പൗരൻമാരെ നിയമിക്കുമ്പോൾ തൊഴിൽമന്ത്രാലയം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ശൈഖ് നസ്ർ അൽഹോസ്‌നി ചൂണ്ടിക്കാട്ടി.
മഹാമാരിക്കിടയിലും ഐ.ടി., ടെലികോം, ഗതാഗതമേഖലകളിൽ രേഖപ്പെടുത്തുന്ന വളർച്ച അദ്ദേഹം ചർച്ചയിൽ എടുത്തുകാട്ടി.
സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ച ചെയ്തു.