ഷാർജ : അന്തരിച്ച എഴുത്തുകാരൻ അക്ബർ കക്കട്ടിലിനെ കുറിച്ചുള്ള ഓർമക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു.'കക്കട്ടിൽ മാഷ് ദേശഭാവനയുടെ കഥാകാരൻ ' എന്നാണ് സമാഹാരത്തിന്റെ പേര്. വടകര സ്വദേശിനിയും പ്രവാസി എഴുത്തുകാരിയുമായ ലസിത സംഗീത് ആണ് കുറിപ്പുകളുടെ സമാഹരണവും എഡിറ്റിങും നടത്തിയത്. അക്ബർ കക്കട്ടിലിന്റെ സുഹൃത്തുക്കളും സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുമായ അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തിക്കാട്, മധുപാൽ, പി.കെ. പാറക്കടവ്, ഡോ.എം.എൻ. കാരശ്ശേരി, കെ.ആർ.മീര, ഗോപിനാഥ് മുതുകാട്, പി.ഹരീന്ദ്രനാഥ്, വി.ആർ.സുധീഷ് , പി.പി. ശശീന്ദ്രൻ, ഇ.ടി. പ്രകാശ് തുടങ്ങി 65 പേരുടെ ഓർമകുറിപ്പുകളാണ് കൃതിയിലുള്ളത്. പ്രവാസലോകത്തെ ഇ.കെ.ദിനേശൻ, ജോഷി മംഗലത്ത്, ബഷീർ തിക്കോടി തുടങ്ങിയവരും മലയാളത്തിന്റെ മണ്മറഞ്ഞ എഴുത്തുകാരനെ ഓർക്കുന്നു. ഇരുന്നൂറോളം പേജുള്ള പുസ്തകത്തിന്റെ കവർപേജ് അടുത്തിടെ വെർച്വൽ ആയി പ്രകാശനം ചെയ്തു.