അബുദാബി : ഫൈസർ വാക്സിൻ അബുദാബിയിൽ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയരായവർ, മറ്റു വാക്സിൻ കുത്തിവെപ്പെടുത്തവർ, ഗർഭിണികൾ, 16 വയസ്സിൽ താഴെ പ്രായമുള്ളവർ എന്നീ വിഭാഗങ്ങൾക്കൊഴികെ ബാക്കിയെല്ലാവർക്കും വാക്സിൻ ലഭ്യമാക്കും. അബുദാബി ആരോഗ്യ സേവന കമ്പനിയായ സേഹയുടെ മേൽനോട്ടത്തിലാണ് വാക്സിനേഷൻ നടക്കുക. ചില പ്രത്യേക രോഗാവസ്ഥയിലുള്ളവർക്ക് ഡോക്ടർമാരുടെ നിർദേശപത്രത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ ഒഴിവാക്കാം.

അബുദാബിയിൽ അൽ സഫർനാഹ് ഡയഗ്നോസ്റ്റിക് ആൻഡ് സ്ക്രീനിങ് സെന്റർ, മദിനത് മുഹമ്മദ് ബിൻ സായിദ് ഹെൽത്ത്കെയർ സെന്റർ, അൽ ബഹിയ ഹെൽത്ത്കെയർ സെന്റർ എന്നിവിടങ്ങളിൽ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്.

അൽഐനിൽ ഊദ് അൽ തൗബ ഡയഗ്നോസ്റ്റിക് ആൻഡ് സ്ക്രീനിങ് സെന്റർ, നെയിമ ഹെൽത്ത് കെയർ സെന്റർ എന്നിവിടങ്ങളിലും അൽ ദഫ്‌റയിൽ അൽ ദഫ്‌റ ഫാമിലി മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും വാക്സിനെടുക്കാം. മുബദല വാക്സിനേഷൻ സെന്ററിലും ഫൈസർ ലഭ്യമാണ്. mcv@telemed.ae എന്ന വിലാസത്തിൽ മെയിലയച്ചോ 80050, 800 4959 എന്നീ നമ്പറുകളിൽ വിളിച്ചോ മുൻകൂട്ടി ബുക്കുചെയ്യുന്നവർക്കാണ് വാക്സിൻ നൽകുക.