ഷാർജ : ജോലി വാഗ്‌ദാനത്തിൽ പണംനൽകി തട്ടിപ്പിനിരയായ 64 ഇന്ത്യൻ തൊഴിലാളികൾ ഷാർജയിൽ ദുരിതത്തിലായി. ഒറ്റമുറി അപ്പാർട്ട്മെന്റിൽ തിങ്ങിനിറഞ്ഞ നിലയിൽ കണ്ടത്തിയ ഇവരെ സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി. യു.എ.ഇ.യിലും നാട്ടിലുമായി പ്രവർത്തിക്കുന്ന ഏജന്റുമാരാണ് തൊഴിലാളികളെ യു.എ.ഇ.യിൽ ജോലിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ളവരെ സന്ദർശക വിസയിലാണ് കൊണ്ടുവന്നത്. ഓരോരുത്തരിൽനിന്ന് 7,500 ദിർഹം (ഏകദേശം 1,50,000 രൂപ) വീതം ഏജന്റുമാർ വാങ്ങിയിരുന്നു. വിദഗ്‌ധരും അവിദഗ്‌ധരുമായ തൊഴിലാളികളാണിവർ. യു.പി., ബിഹാർ, ഒഡീസ എന്നിവിടങ്ങളിലുള്ളവരാണ് ഭൂരിഭാഗവും.

സാമൂഹിക പ്രവർത്തകനായ ഷിറാലി ശൈഖ് മുസാഫിറിന്റെ നേതൃത്വത്തിലായിരുന്നു തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പ്രശ്നം ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് 64 പേരുടെയും പാസ്പോർട്ടുകൾ ഏജന്റുമാർ തിരിച്ചുനല്കി. തൊഴിലാളികൾക്കുള്ള ആഹാരവും സാമൂഹിക പ്രവർത്തകർ ഏർപ്പാട് ചെയ്തുകൊടുത്തു. ദുരിതത്തിലായ 64 പേരിൽ 22 പേരെ നാട്ടിലേക്കയച്ചു.

ബാക്കിയുള്ളവർക്ക് തൊഴിൽ ലഭിക്കാനുള്ള സാഹചര്യവും ഒരുക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ്.

14 മണിക്കൂറോളം ദുബായ് വിമാനത്താവളത്തിൽ കാത്തിരുന്നശേഷമാണ് ഏജന്റ് തൊഴിലാളികളെ ഷാർജയിലെ ഒറ്റമുറി അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയതെന്ന് തൊഴിലാളികൾ പറഞ്ഞു. പാസ്പോർട്ടുകൾ തിരികെ ആവശ്യപ്പെട്ട തൊഴിലാളികളെ ഏജന്റുമാർ മർദിച്ചതായും തൊഴിലാളികൾ പറഞ്ഞു.