ദുബായ് : മാറുന്ന ലോകത്തിന് അവബോധം പകരാൻ വേറിട്ട പദ്ധതികളുമായി എക്സ്‌പോ 2020. ലോകം മുന്നോട്ട് സഞ്ചരിക്കേണ്ട പാതയിൽ വെളിച്ചം വീശുന്ന ആശയങ്ങൾ വേറിട്ട പരിപാടികളിലൂടെ ജനങ്ങളോട് സംവദിക്കുന്നരീതിയിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. പ്രതിവാര പദ്ധതികളായി സന്ദർശകർക്കുമുന്നിൽ ഇവ അവതരിപ്പിക്കപ്പെടും. പത്ത് ആഴ്ചകളിലായാണ് ഇത് നടപ്പാക്കുക.

കാലാവസ്ഥാ ജൈവ വൈവിദ്ധ്യവാരം

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് കൂട്ടായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഡി.പി. വേൾഡിന്റെയും സഹകരണത്തോടെയാണ് വാരാചരണം നടക്കുക. വെല്ലുവിളികൾ നേരിടുന്ന ഭൂപ്രദേശങ്ങൾ, ആവാസവ്യവസ്ഥകൾ എന്നിവ പ്രത്യേകം അടയാളപ്പെടുത്തി പരിരക്ഷാ പദ്ധതികൾ ആവിഷ്കരിക്കും. ആളുകൾക്ക് ഇതേക്കുറിച്ചുള്ള അവബോധം പകരുന്ന അവതരണങ്ങളും സംഘടിപ്പിക്കും.

ബഹിരാകാശ വാരം

ഒക്ടോബറിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങൾ ചർച്ചചെയ്യും. ബഹിരാകാശ പര്യവേക്ഷണം, ഭരണനിർവഹണം, നിയമനിർമാണം എന്നിവയാണവ. യു.എ.ഇ. ബഹിരാകാശ ഏജൻസി, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

നഗര-ഗ്രാമ വികസനവാരം

നഗര-ഗ്രാമ വികസനവുമായി ബന്ധപ്പെട്ട അഞ്ച് വിഷയങ്ങൾ ചർച്ചചെയ്യും. യു.എൻ. ഹാബിറ്റാറ്റ്, സീമെൻസ്, ആഗ ഖാൻ ഡെവലപ്‌മെന്റ് നെറ്റ്‌വർക്ക് എന്നിവയുമായി സഹകരിച്ച് മേഖലകളിലെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കൽ, ഗതാഗതം, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളിൽ അവതരണം നടക്കും.

സഹിഷ്ണുതാ വാരം

യു.എ.ഇ. സഹിഷ്ണുത-സഹവർത്തിത്വ മന്ത്രാലയവുമായി ചേർന്ന് സാമൂഹികക്ഷേമവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ ചർച്ചചെയ്യും. ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നിച്ചുനിർത്തുന്നതിനും നിശ്ചയദാർഢ്യക്കാരായ ജനങ്ങൾക്ക് കൈത്താങ്ങാകുന്നതുമായ പദ്ധതികളിലേക്കുള്ള ആശയരൂപവത്കരണം നടത്തും. സമാധാനവും സഹവർത്തിത്വവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കും തുടക്കംകുറിക്കും.

വൈജ്ഞാനിക വാരം

ഭാവി വിദ്യാഭ്യാസരീതികൾ, വൈജ്ഞാനികാടിസ്ഥാനത്തിലുള്ള തൊഴിൽ മേഖലകൾ എന്നിവയെക്കുറിച്ചുള്ള അവതരണങ്ങൾ നടക്കും. ദുബായ് കെയറുമായി ചേർന്നാണ് ഇത് നടപ്പാക്കുക.

ട്രാവൽ - കണക്റ്റിവിറ്റി വാരം

ഡിജിറ്റൽ കമ്യൂണിക്കേഷൻ, ഡിജിറ്റൽ ഗവൺമെന്റ്, സ്മാർട്ട് ട്രാൻസ്പോർട്ട്, വാണിജ്യം, യാത്ര തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ പങ്കുവെക്കും. എമിറേറ്റ്‌സും ഇത്തിസലാത്തുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.

ലോക ലക്ഷ്യ വാരം

വനിതകളും സാമൂഹിക വികസനവുമെന്ന ആശയത്തിൽ ഐക്യരാഷ്ട്ര സഭയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.

ഹെൽത്ത് - വെൽനെസ് വാരം

ലോകാരോഗ്യ സംഘടന, മുഹമ്മദ് ബിൻ റാഷിദ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ പൊതുജനാരോഗ്യ ക്ഷേമപദ്ധതികൾ ചർച്ചചെയ്യും. ആരോഗ്യമേഖലയിൽ നടപ്പാക്കേണ്ട ക്രിയാത്മക മാറ്റങ്ങളെക്കുറിച്ചും അവബോധം പകരും.

ഭക്ഷണം - കൃഷി വാരം

ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, ഭക്ഷ്യമാലിന്യങ്ങളുടെ ശാസ്ത്രീയമായ നിർമാർജനം, ഭക്ഷ്യസുരക്ഷാ പദ്ധതികൾ, ഈ മേഖലയുമായി ബന്ധപ്പെട്ട നവീനാശയങ്ങൾ എന്നിവ ചർച്ചചെയ്യും. ഭക്ഷ്യ-ജലസുരക്ഷാ മന്ത്രാലയം, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, പെപ്‌സിക്കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.

ജല വാരം

ജല സംരക്ഷണം, സമുദ്രജലപാലനം, ജലത്തെ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി സംവിധാനം എന്നിവയെല്ലാം ചർച്ചചെയ്യും. ഭക്ഷ്യ - ജലസുരക്ഷാ മന്ത്രാലയം, ഊർജ - വ്യവസായ മന്ത്രാലയം, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.