ദുബായ് : ലോക മഹാമേളയായ എക്സ്‌പോ 2020 ദുബായിയുടെ സുരക്ഷയൊരുക്കാൻ 30,000 പേരടങ്ങുന്ന വൊളന്റിയർ പട തയ്യാറായിക്കഴിഞ്ഞു.

1,80,000 അപേക്ഷകരിൽനിന്നാണ് സ്വദേശികളും വിദേശികളും അടങ്ങുന്ന 30,000 പേരെ തിരഞ്ഞെടുത്തത്. 18 മുതൽ 79 വയസ്സുവരെ പ്രായമുള്ള 135 രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ സന്നദ്ധപ്രവർത്തകർ. ഇതിൽ 45 ശതമാനവും സ്വദേശികളാണ്. എക്സ്‌പോ നഗരിയിൽ സൗജന്യസേവനത്തിന് സന്നദ്ധരായാണ് ഇവർ എത്തിയിരിക്കുന്നത്.

ക്രീം നിറത്തിലുള്ള യൂണിഫോം സന്നദ്ധ സേനാ പ്രവർത്തകർക്ക് നൽകിത്തുടങ്ങിയിട്ടുണ്ട്. എക്സ്‌പോ 2020-യുടെ മുഖവും ഹൃദയവും സന്നദ്ധപ്രവർത്തകരാണെന്ന് വൊളന്റിയേഴ്സ് ഡയറക്ടർ അബീർ അൽ ഹോസാനി അഭിപ്രായപ്പെട്ടു. എക്സ്‌പോ ലോകമേളയിലേക്ക് കടന്നുവരുന്ന ലക്ഷങ്ങളെ സ്വീകരിക്കുന്നതിനായുള്ള വൊളന്റിയർ ടീം അവസാനവട്ട പരിശീലനവും പൂർത്തീകരിച്ചു.

സന്നദ്ധപ്രവർത്തകരെ യു.എ.ഇ. സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രിയും എക്സ്‌പോ 2020-യുടെ ദുബായ് കമ്മിഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പ്രശംസിച്ചു. ലോകമെങ്ങുമുള്ള സന്ദർശകർ ദുബായിലേക്ക് പറന്നിറങ്ങുമ്പോൾ അവരെ സ്വീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതിൽ സംതൃപ്തിയുള്ളവരാണ് ശമ്പളമില്ലാതെ ഈ സേവനത്തിന് എത്തിയിരിക്കുന്നത്. ഭക്ഷണവും യാത്രാസൗകര്യവും സംഘാടകർ നൽകും. യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ, വിവിധയിടങ്ങളിൽ ജോലിചെയ്യുന്നവർ, വിരമിച്ചവർ, നിശ്ചയദാർഢ്യമുള്ളവർ എന്നിവരടങ്ങുന്ന വ്യത്യസ്തമായ സംഘമാണ് വൊളന്റിയർ പട്ടികയിലുള്ളത്. എക്സ്‌പോയിൽ നടക്കുന്ന വിവിധ പരിപാടികളും ആഗോളചർച്ചകളും കൈകാര്യംചെയ്യുന്നതിൽ ഇവർ നിർണായക പങ്കുവഹിക്കും. സന്നദ്ധ സേവകരെ ആദരിക്കുന്നതിനും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതിനും സംഘാടകർ പദ്ധതി ഒരുക്കുന്നുണ്ട്. ചൈനീസ് പവിലിയനിലേക്ക് 20 ലക്ഷം സന്ദർശകരെത്തും

എക്സ്‌പോ 2020-യിലെ ചൈനീസ് പവിലിയനിലേക്ക് 20 ലക്ഷം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷയെന്ന് യു.എ.ഇ.യിലെ ചൈനീസ് ബിസിനസ് കൗൺസിൽ (സി.ബി.സി.) ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. യു.എ.ഇ.യിലേക്ക് കൂടുതൽ വിദേശ സംരംഭങ്ങളെ ആകർഷിക്കാനും എമിറേറ്റുകളിൽ ചൈനീസ് ബിസിനസുകൾക്കായി പുതിയ അവസരങ്ങൾ തുറക്കാനും ആഗോളപരിപാടി സഹായിക്കുമെന്ന് സി.ബി.സി. ചെയർമാൻ വാങ് ഗുയിഹായ് പറഞ്ഞു. യു.എ.ഇ. ശ്രദ്ധേയമായ വാക്സിനേഷൻ റെക്കോർഡ് കൈവരിക്കുകയും യാത്രാനിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തു. ഇത് ഒട്ടേറെ ചൈനീസ് വിനോദസഞ്ചാരികളെ എക്‌സ്‌പോയിൽ എത്തിക്കും. പവിലിയന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കൂടുതൽ ഓൺലൈൻ സന്ദർശകരെ ആകർഷിക്കാനായി തത്സമയപ്രക്ഷേപണങ്ങളും നൽകും.