അബുദാബി : മുൻസോവിയറ്റ് റിപ്പബ്ലിക്കായ ജോർജിയയിലെ കാർഷിക-ഭക്ഷ്യ മേഖലകളിലെ സാധ്യതകൾതേടി ലുലുഗ്രൂപ്പ്. യു.എ.ഇ.യിൽ ഔദ്യോഗികസന്ദർശനം നടത്തുന്ന ജോർജിയയുടെ സാമ്പത്തിക -സുസ്ഥിരവികസന വകുപ്പുമന്ത്രി നതാലിയ ടുർനാവയുമായി അബുദാബി ചേംബർ വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ചർച്ചനടന്നത്.

കാർഷികമേഖലയ്ക്ക് മുൻതൂക്കം നൽകുന്ന ജോർജിയയിൽ കാർഷികോത്പന്നങ്ങൾക്ക് വൻകയറ്റുമതി സാധ്യതകളാണുള്ളതെന്ന് ജോർജിയൻ മന്ത്രി സൂചിപ്പിച്ചു. ജോർജിയയിൽനിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉത്‌പന്നങ്ങൾ കയറ്റുമതിചെയ്യുന്ന നിക്ഷേപകർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകുമെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു. ജോർജിയയിലെ ഭക്ഷ്യവസ്തു കയറ്റുമതി സാധ്യതകളെപ്പറ്റിയുള്ള കൂടുതൽ ചർച്ചകൾക്കായി ലുലുഗ്രൂപ്പിന്റെ ഉന്നതതലസംഘം ജോർജിയ സന്ദർശിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു.

അബുദാബിയിലെ ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ജോർജിയ സാമ്പത്തികവകുപ്പ് സഹമന്ത്രി ഗെന്നഡി അർവേലാസ്, യു.എ.ഇ. യിലെ ജോർജിയൻ സ്ഥാനപതി പാത്ത കലന്ധാസ്, ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ സൈഫി രൂപാവാല, ചീഫ് ഓപ്പറേഷൻസ് ഓഫിസർ സലീം വി.എ. എന്നിവരും സംബന്ധിച്ചു.