പാലക്കാട് : ജില്ലയിലെ ഭാഗ്യക്കുറി വില്പനശാലകളിൽ ഭാഗ്യക്കുറിവിഭാഗം ജില്ലാ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മിന്നൽ പരിശോധന നടത്തി. ടിക്കറ്റുകളുടെ അവസാന നാലക്കങ്ങൾ അടങ്ങുന്ന സീരീസുകളുടെ അനധികൃത വില്പനയും എഴുത്ത് ഭാഗ്യക്കുറിയും വിപണിയിലുണ്ടെന്ന പരാതിയെത്തുടർന്നാണ് നടപടി.

ബുധനാഴ്ച രാവിലെമുതൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ്. ഷാഹിദയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയുടെ വിവിധഭാഗങ്ങളിൽ പരിശോധന നടത്തി. പോലീസ് സഹായത്തോടെയായിരുന്നു തിരച്ചിൽ. ആദ്യദിനത്തിൽ പരിശോധിച്ച കടകളുടെ ഉടമകൾക്ക് അനധികൃതവില്പന തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ച് നിർദേശം നല്കി.

ലോട്ടറിയുടെ അവസാന നാലക്കം ഒരേപോലെ വരുന്ന 12-ലധികം സീരീസുകൾ വില്പനശാലകളിൽ ഒരേസമയം വിൽക്കുന്നത് ലോട്ടറിവകുപ്പ് വിലക്കിയിട്ടുണ്ട്. ഇത് പരിഗണിക്കാതെ നടക്കുന്ന വില്പന ശ്രദ്ധയിൽപ്പെട്ടാൽ ഏജൻസി ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാന ലോട്ടറി നറുക്കെടുപ്പിനൊപ്പം എഴുത്തുലോട്ടറികൾ അനധികൃതമായി പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശനനടപടി സ്വീകരിക്കും. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.

ജില്ലാ അസി. ഭാഗ്യക്കുറി ഓഫീസർ സിനി പി. ഇലഞ്ഞിക്കൽ, ജൂനിയർ സൂപ്രണ്ട് പി.എസ്. ശ്രീധരൻ, സീനിയർ ക്ലാർക്ക് എസ്. പ്രവീൺ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

അനധികൃത വില്പന ശ്രദ്ധയിൽപ്പെട്ടാൽ 18004258474 എന്ന ടോൾഫ്രീ നമ്പറിൽ വിവരമറിയിക്കാം. www.statelottery.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും പരാതിനൽകാൻ സൗകര്യമുണ്ട്.