കൊല്ലം : കേരളത്തിനു പുറമേ മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലും മഴ ശക്തമായതോടെ പച്ചക്കറിക്ക് തീവിലയായി. തക്കാളിവില മാനംമുട്ടെയെത്തി. കഴിഞ്ഞമാസം അവസാനം ശരാശരി 20 രൂപയായിരുന്ന തക്കാളിവില ഒരു കിലോഗ്രാമിന് 80 രൂപവരെ എത്തിയിരുന്നു. ബുധനാഴ്ച ചില്ലറവിൽപ്പനവില 50-60 രൂപയാണ്. മൈസൂരുവിൽ മഴയും കൃഷിനാശവുമുണ്ടായതാണ് വിലകൂടാൻ കാരണം.

സവാളയ്ക്കും വില ഉയർന്നുതന്നെ നിൽക്കുകയാണിപ്പോൾ. 48-50 രൂപയാണ് പുണെ സവാളയുടെ ചില്ലറവില. മഹാരാഷ്ട്രയിൽ വിളവെടുപ്പുകാലമായതിനാൽ വില കുറഞ്ഞുനിൽക്കേണ്ട സമയമാണിത്. എന്നാൽ മഴമൂലം കൃഷിനാശമുണ്ടായതും സംഭരിച്ച സവാള ചീഞ്ഞുപോയതുമാണ് വിലയുയരാൻ കാരണം. ബെംഗളൂരു, തമിഴ്നാട് സവാള മാർക്കറ്റിൽ എത്തുന്നതുകൊണ്ടാണ് വിലവർധന ഒരു പരിധിവരെ പിടിച്ചുനിർത്തിയിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. 45-50 രൂപ വിലയുണ്ടായിരുന്ന ബീൻസിന് 70 രൂപയായി. കൊച്ചുള്ളിവിലയും കിലോഗ്രാമിന് 10-15 രൂപവരെ ഉയർന്നിട്ടുണ്ട്.

ഒരു കിലോ കാപ്സിക്കത്തിന് 90 രൂപ എത്തി. ഒരു കിലോഗ്രാമിന് 35 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയുടെ വില 65 ആയി ഉയർന്നു. 60 രൂപയായിരുന്ന കാരറ്റിന് 80 രൂപയായി.

ഇപ്പോൾ മാർക്കറ്റിൽവരുന്ന സവാള കർഷകരിൽനിന്ന് ഇടനിലക്കാർ വാങ്ങി പൂഴ്ത്തിവയ്ക്കുന്ന സാഹചര്യമുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അതിനാൽ സവാള ഇറക്കുമതിചെയ്ത്‌ കേരളത്തിലെ വില പിടിച്ചുനിർത്തണമെന്നും അവർ ആവശ്യപ്പെടുന്നു.