കൊച്ചി: ഡാമിൽനിന്ന് തുറന്നുവിടുന്ന വെള്ളം കടലെടുക്കുമോ...? പെരിയാറിന്റെയും ചാലക്കുടി പുഴയുടെയും തീരങ്ങളിലുള്ളവരുടെ പ്രധാന ആശങ്ക ഇതായിരുന്നു. പ്രളയം വന്നപ്പോൾ ഡാമിൽനിന്നു പുറത്തുവിട്ട വെള്ളം കടലെടുത്തില്ലെന്നൊരു അഭിപ്രായമുയർന്നിരുന്നു. ഇപ്പോൾ ഡാം തുറന്നപ്പോഴും കടൽ, വെള്ളമെടുക്കുന്നതിനാൽ അതിവേഗം ഒഴുകിപ്പോയെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. എന്നാൽ വേലിയേറ്റവും വേലിയിറക്കവും ഒരുപോലെ ശക്തമായ സമയമാണിത്. വേലിയിറക്കത്തിൽ കടൽ വെള്ളമെടുക്കുന്നതു കൂടും. വേലിയേറ്റത്തിൽ വെള്ളം എടുക്കുന്നത് താരതമ്യേന കുറവായിരിക്കും.

ഓരോ ആറു മണിക്കൂറിന്റെ വ്യത്യാസത്തിലും കടലിന്റെ വേലിയേറ്റ സ്വഭാവം മാറുന്നു. ദിവസത്തിന്റെ ആദ്യ ആറു മണിക്കൂറിൽ വേലിയേറ്റമാണെങ്കിൽ അടുത്ത ആറു മണിക്കൂർ വേലിയിറക്കമായിരിക്കും. വേലിയേറ്റത്തിൽ കടലിൽ നിന്ന്‌ ഉപ്പുവെള്ളം പുഴയിലേക്ക് കയറും. പുഴയുടെ അടിത്തട്ടിലൂടെയാണ് സാന്ദ്രത കൂടിയ ഉപ്പുവെള്ളം കയറുക. ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതലായതിനാൽ ഈ സമയത്ത് മുകൾവശത്ത് പുഴവെള്ളവുമായിരിക്കും. കറുത്ത വാവിന് ഉപ്പുവെള്ളം കയറുന്നതിന്റെ ശക്തി താരതമ്യേന കുറവായിരിക്കും. അതിനാൽ വേലിയേറ്റ സമയത്തുപോലും കടൽ വെള്ളമെടുക്കാനിടയുണ്ട്. എന്നാൽ, വെളുത്ത വാവിന് വേലിയേറ്റം ശക്തമായിരിക്കും. അതുപോലെതന്നെ വേലിയിറക്കവും താരതമ്യേന ശക്തമായിരിക്കും. വേലിയേറ്റ സമയത്ത് കടൽ വെള്ളമെടുക്കുന്നത് താരതമ്യേന കുറയും.

പെരിയാറും ചാലക്കുടിപ്പുഴയും ചേരുന്ന വേമ്പനാട്ടുകായലിലേക്കാണ് ഡാമുകളിൽനിന്നു തുറന്നുവിടുന്ന വെള്ളമത്രയും എത്തുന്നത്. വെള്ളപ്പൊക്ക സാധ്യത പരിശോധിക്കുമ്പോൾ കടലിന്റെ വേലിയറ്റ-വേലിയിറക്കങ്ങൾ മാത്രമല്ല, വേമ്പനാട്‌ കായലിന്റെ ഒഴുക്കുമായി ബുന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ സയൻസ് വിഭാഗത്തിലെ ഗവേഷകനായ ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ പറയുന്നു. 2018-ലെ പ്രളയത്തിൽ എല്ലാ ഡാമുകളും ഒരേസമയം തുറന്നതിനാൽ വേമ്പനാട്‌ കായലിലേക്ക് എത്തിയ വെള്ളത്തിന്റെ അളവ് വളരെ കൂടുതലായിരുന്നു.

ചാലക്കുടിപ്പുഴയുടെയും പെരിയാറിന്റെയും തീരങ്ങൾ പൂർണമായും മുങ്ങി. ഈ വെള്ളമത്രയും വേമ്പനാട്‌ കായലിന്റെ വടക്കേ അറ്റത്തു വന്ന്‌ കയറി അറബിക്കടലിലേക്ക് പതിക്കുന്നത് അഴിക്കോട് അഴിമുഖം വഴിയാണ്. എല്ലാ ഡാമുകളും ഒരുമിച്ചു തുറക്കുമ്പോൾ വരുന്ന വെള്ളം പുറംതള്ളാനുള്ള ശേഷി അഴീക്കോട് അഴിമുഖത്തിനില്ലെന്നതും ഇതിനൊപ്പം പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

പറവൂർ പുത്തൻവേലിക്കര മുതൽ കാലടി വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന്റെ കാരണം ഇതുകൂടിയാണ്. അതേസമയം കൊച്ചി അഴിമുഖത്തിന് അഴീക്കോടിനെക്കാൾ വെള്ളം പുറംതള്ളാനുള്ള ശേഷിയുണ്ട്. ഇത്തവണ ഇടുക്കിയും ഇടമലയാറും ഷോളയാറും തുറന്നപ്പോൾ വേമ്പനാട്‌ കായലിലേക്കെത്തിയ വെള്ളത്തിന്റെ അളവ് കുറവായിരുന്നതിനാലാണ് കാര്യമായ വെള്ളപ്പൊക്കം ഉണ്ടാവാതിരുന്നത്. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുകയും ഡാമുകളെല്ലാം ഒരേസമയം തുറക്കുകയും ചെയ്താൽ പ്രളയം ആവർത്തിക്കപ്പെടാനും ഇടയുണ്ട്.