ദുബായ്: വ്യായാമം ചെയ്യാനെത്തുന്നവരുടെ ഇഷ്ടയിടമായി എക്സ്പോ-2020 ഫിറ്റ്നസ് ആൻഡ്‌ വെൽനെസ് ഹബ്. 5400 ചതുരശ്രയടി വലിപ്പത്തിൽ വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കിയ ഇവിടെ വിവിധ പ്രായക്കാരായവർ പലതരം വ്യായാമങ്ങൾക്കായെത്തുന്നു. കായികാഭ്യാസവും വ്യായാമവും ജീവിതശൈലിയായി വാർത്തെടുക്കാൻ ജനങ്ങൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

നൂതന ജിം സംവിധാനങ്ങൾ, അഞ്ചുപേരടങ്ങുന്ന ടീമുകൾക്കായുള്ള ഫുട്‍ബോൾ കോർട്ട്, ബാസ്കറ്റ്ബോൾ, നെറ്റ്ബോൾ, വോളിബോൾ, ടെന്നീസ് എന്നിവയ്ക്കായുള്ള കോർട്ട്, യോഗകേന്ദ്രം എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. വ്യായാമത്തിനായെത്തുന്നവർക്ക് പ്രത്യേക പരിശീലകരുമുണ്ടാകും. വിവിധ കായികയിനങ്ങളിൽ മികവുതെളിയിച്ച ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ പല ദിവസങ്ങളിലായി ഇവിടെയെത്തുന്നവരുമായി സംവദിക്കും. ജീവിതശൈലീ രോഗങ്ങളിൽനിന്ന് പുറത്തുകടക്കാൻ പ്രേരിപ്പിക്കുന്നതോടൊപ്പം ആരോഗ്യ അവബോധവും ഫിറ്റ്നസ് ഹബിന്റെ പ്രത്യേകതയാണ്.