ദുബായ്: അൽ മനാമ, അൽ മെയ്ദാൻ സ്ട്രീറ്റുകളെ ബന്ധിപ്പിച്ചുകൊണ്ട് ദുബായ് അൽഐൻ റോഡിനു കുറുകെ ആർ.ടി.എ.യുടെ നാലുവരിപ്പാലം തുറന്നു. ഇവിടെയുണ്ടായിരുന്ന റൗണ്ടബൗട്ട് ഒഴിവാക്കിക്കൊണ്ടാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. രണ്ടുഭാഗത്തേക്കും നാലുവരി റോഡുകൾ വീതം 328 മീറ്റർ ദൈർഘ്യമുള്ളതാണ് പാലം.

ഇരുവശത്തേക്കും മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാൻ തക്കസൗകര്യം ഇതിലൂടെ ലഭ്യമാകും. ദുബായ് - അൽ ഐൻ റോഡുവികസനത്തിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ആർ.ടി.എ. അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പ്രധാനപ്പെട്ട ആറു റൗണ്ടബൗട്ടുകൾക്ക് പകരമായി പാലങ്ങളും എമിറേറ്റ്സ് റോഡുമുതൽ ബുഖദ്രയും റാസൽഖോറും വരെ 17 കിലോമീറ്റർ ദൂരത്തിൽ മൂന്നുവരി റോഡുകൾക്ക് പകരമായി ആറുവരി റോഡുകളും നിർമിക്കുമെന്ന് ആർ.ടി.എ. ഡയറക്ടർ ജനറൽ മതാർ മുഹമ്മദ് അൽ തയർ പറഞ്ഞു. ദുബായ് അൽ ഐൻ റോഡുവികസനത്തിന്റെ 85 ശതമാനവും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. 15 ലക്ഷംപേരുടെ യാത്രകൾക്ക് റോഡുവികസനം ഗുണകരമാകും.