ദുബായ്: അത്യാധുനിക ഡ്രോൺ ഗതാഗതപദ്ധതിക്ക് തുടക്കംകുറിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ആശയത്തിൽ നൂതന സാങ്കേതികതയിലൂന്നിയ വികസനപ്രവർത്തനങ്ങൾ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ഭാവി ഗതാഗതരംഗങ്ങളിൽ നിർണായകമായേക്കുന്ന ഡ്രൈവർരഹിത ഡ്രോണുകളുടെ പദ്ധതി ആശയങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ആകർഷിക്കുകയാണ് പ്രാരംഭഘട്ട പദ്ധതിയെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. സാങ്കേതികതയിലൂന്നിയ സമ്പദ്‌വ്യവസ്ഥയുടെ കൂടുതൽ സാധ്യതകളും ഇതിലൂടെ പരിശോധിക്കപ്പെടുന്നു. ജനങ്ങളുടെ ജീവിത, തൊഴിൽ നിലവാരം ഉയർത്താൻ പദ്ധതിയിലൂടെ കഴിയും. ഇതിന് ഏറ്റവും അനുയോജ്യമായ അടിസ്ഥാനസൗകര്യം, സാമൂഹികാവസ്ഥ, നിയമനിർമാണ സംവിധാനം എന്നിവയടക്കമുള്ള സാഹചര്യങ്ങൾ ഇപ്പോൾ യു.എ.ഇ.ക്കുണ്ട്.

165 രാജ്യങ്ങളിൽനിന്ന്‌ ഡ്രോൺ അനുബന്ധമേഖലകളിൽ നിന്നുള്ള വിദഗ്ധർ പദ്ധതി ആശയവുമായി ചേർന്നുപ്രവർത്തിക്കുന്നു. ഇത് നൂതന സമൂഹനിർമിതിക്ക് തുടക്കം കുറിയ്ക്കുന്നതായിരിക്കുമെന്നും ശൈഖ് ഹംദാൻ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഒട്ടേറെ സർക്കാർ -പൊതുസ്ഥാപനങ്ങൾ തമ്മിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഉടമ്പടി ഒപ്പുവെക്കപ്പെട്ടു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി മന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, ആർ.ടി.എ. ഡയറക്ടർ ജനറൽ മതാർ മുഹമ്മദ് അൽ തയർ എന്നിവർ ഉടമ്പടി ഒപ്പുവെക്കൽ ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചു. ദുബായ് എയർഷോ വേദിയിലാണ് ചടങ്ങുകൾ നടന്നത്.