റിയാദ്: ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി സൗദിയിലെത്തിയ കപ്പലിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 3,612 കുപ്പി വൈൻ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. കപ്പൽച്ചരക്ക് കസ്റ്റംസ് നടപടിക്രമങ്ങൾക്കും തുറമുഖത്തെ സുരക്ഷാ സംവിധാനത്തിലൂടെയുള്ള പരിശോധനയ്ക്കും വിധേയമാക്കിയപ്പോഴാണ് പ്രത്യേകരീതിയിൽ ഒളിപ്പിച്ച നിലയിൽ മദ്യം കണ്ടെത്തിയതെന്ന് അതോറിറ്റി വിശദീകരിച്ചു.

രാജ്യത്ത് ചരക്ക് കൈപ്പറ്റേണ്ടിയിരുന്ന രണ്ടുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും സൗദി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാത്തരത്തിലും കള്ളക്കടത്തിനെ ചെറുക്കാൻ പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണെന്നും അധികാരികൾ അറിയിച്ചു. ഇത്തരത്തിലുള്ള ഏതെങ്കിലും ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1910, 00966 114208417 എന്നീ നമ്പറുകളിൽ വിവരമറിയിക്കണം. നൽകിയ വിവരങ്ങൾ കൃത്യമാണെങ്കിൽ പാരിതോഷികങ്ങളും നൽകും.