അബുദാബി: കുട്ടികളുടെ മാനസികവും ശാരീരികവുമായ അഭിവൃദ്ധിയുറപ്പാക്കുന്നതിന് സുരക്ഷിതമായ അന്തരീക്ഷമൊരുക്കണമെന്ന് അബുദാബി പോലീസ് രക്ഷിതാക്കളോടാവശ്യപ്പെട്ടു. ശിശുദിനാചരണത്തിന്റെ ഭാഗമായി പോലീസ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയോടനുബന്ധിച്ചാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അപകട, അപായ സാഹചര്യങ്ങൾ ഒഴിവാക്കി സന്തോഷകരമായ അന്തരീക്ഷത്തിലാണ് കുട്ടികൾ വളരേണ്ടത്. അവരുടെ സഹജമായ കഴിവുകളെ പുറത്തുകൊണ്ടുവന്ന് കൃത്യമായ പരിശീലനം നൽകുകവഴി മികച്ച പൗരന്മാരായി വാർത്തെടുക്കാനാകും.

അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചുമുള്ള ബോധവും അവരിൽ വാർത്തെടുക്കണം. അതിന് കുടുംബങ്ങൾക്ക് നിർണായകപങ്കാണുള്ളത്. സ്കൂളുകൾക്കും ഇക്കാര്യത്തിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്നും പോലീസ് വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സമഗ്രപദ്ധതികളാണ് പോലീസ് നടപ്പാക്കിവരുന്നതെന്ന് അബുദാബി പോലീസ് സോഷ്യൽ സപ്പോർട്ട് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ സായിദ് ഹമദ് അൽ കാബി പറഞ്ഞു.

സന്തുലിതമായ സാമൂഹികാവസ്ഥയുടെ അടിസ്ഥാനം കുട്ടികൾക്ക് ലഭ്യമാക്കുന്ന മികച്ച സംവിധാനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുമായി കൂടുതൽസമയം സംസാരിക്കാനും അടുത്തിടപഴകുവാനും രക്ഷിതാക്കൾ തയ്യാറാകണം. അവരുടെ ഇന്റർനെറ്റ് ഉപയോഗം, കൂട്ടുകെട്ടുകൾ എന്നിവ മനസ്സിലാക്കി ആവശ്യമെങ്കിൽ നിയന്ത്രിക്കാനും രക്ഷിതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്നും പോലീസ് മേധാവി അറിയിച്ചു.