അബുദാബി: സർക്കാർ ഇതര സാമൂഹിക സംഘടനകൾക്ക് ലൈസൻസ് നൽകുന്ന നടപടികൾ ആരംഭിച്ചു. നിയമാനുസൃതമായി സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് സംഘടനകൾക്ക് അവസരം നൽകുന്നതിനായാണിത്. സാമൂഹിക - സാസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനകളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഇതിലൂടെ കഴിയും. യു.എ.ഇ.യുടെ നിയമ ചട്ടക്കൂടിനുള്ളിൽനിന്ന് പരമാവധി സേവനംനൽകാൻ എൻ.ജി.ഒ.കളെ പ്രാപ്തമാക്കും. ഇതിനകം ഒട്ടേറെ അപേക്ഷകൾ ലഭിച്ചതായി സാമൂഹിക വികസനവകുപ്പ് അറിയിച്ചു.

സാമൂഹിക പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ഫെഡറൽ മന്ത്രാലയങ്ങൾ, പ്രാദേശികവകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുമെന്ന് വകുപ്പ് അസി. അണ്ടർസെക്രട്ടറി ഹെസ്സ തഹ്‌ലക് പറഞ്ഞു. കുടുംബ, സമൂഹ ഐക്യവും സന്തോഷവും ഉറപ്പാക്കുന്ന സേവനങ്ങൾ നൽകുന്നതിനാകും മുൻതൂക്കം. സ്ഥാപക അംഗങ്ങളെല്ലാം ഒപ്പിട്ട അപേക്ഷയാണ് ലൈസൻസ് നേടുന്നതിനായി നൽകേണ്ടത്.

അംഗങ്ങൾ ഒപ്പുവെച്ച സംഘടനയുടെ ചട്ടങ്ങൾ, പങ്കെടുത്തവർ ഒപ്പുവച്ച മീറ്റിങ്ങുകളുടെ മിനിറ്റ്സ് പകർപ്പ്, നടത്തിയ പ്രവർത്തനങ്ങൾ, സ്ഥാപകഅംഗങ്ങളുടെ പേരുകൾ, പദവി, തൊഴിൽ, താമസിക്കുന്ന സ്ഥലം, തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ പ്രതിമാസറിപ്പോർട്ട് സഹിതം വകുപ്പിൽ സമർപ്പിക്കണം. addcd.gov.ae എന്ന വെബ്സൈറ്റിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകിയിട്ടണ്ട്.