അബുദാബി : ഓഗസ്റ്റ് ഒന്നിന് പ്രവർത്തനം ആരംഭിച്ചതിനുശേഷം ഊർജ ഉത്പാദന ശേഷിയുടെ 80 ശതമാനം പൂർത്തിയാക്കി യു.എ.ഇ. യുടെ സ്വപ്ന പദ്ധതിയായ ബറാഖ ആണവനിലയത്തിലെ ഒന്നാം യൂണിറ്റ്. ആണവ നിലയത്തിന്റെ പ്രവർത്തനത്തിലെ നിർണായക മുഹൂർത്തമാണിത്. അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷ, പ്രവർത്തനങ്ങളുടെ ഗുണനിലവാരം, വിശ്വാസ്യത എന്നിവയെല്ലാം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്നുവന്ന പരീക്ഷണഘട്ടമാണു വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നത്.

ദേശീയ കൃത്യനിർവഹണ ശേഷിക്ക് ആവശ്യമാവുന്ന എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് യൂണിറ്റിന്റെ പ്രവർത്തനം. ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്.എ.എൻ.ആർ.) 280 ഓളം പരിശോധനകളാണ് ഈ ഘട്ടത്തിൽ നടത്തിയത്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെയും (ഐ.എ.ഇ.എ.) വേൾഡ് അസോസിയേഷൻ ഓഫ് ന്യൂക്ലിയർ ഓപ്പറേഷൻസിന്റെയും (ഡബ്ള്യു.എ.എൻ.ഒ.) നാൽപതോളം മൂല്യനിർണയങ്ങളും ഇക്കലയളവിൽ നടന്നു.

ബറാഖ ഒന്നാം യൂണിറ്റിൽ നിന്നുള്ള വൈദ്യുതോർജ ഉത്പാദനത്തിന്റെ 100 ശതമാനം എന്ന നേട്ടം കൈവരിക്കാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. ഒരു യൂണിറ്റ് 30 മില്യൺ ഫ്യുവൽ പെല്ലറ്റ് ശേഷിയുള്ളതാണ്. റിയാക്ടർ വെസലിൽ എത്തുന്ന താപം സ്റ്റീം ജനറേറ്റർ വഴി കടത്തിവിട്ട് ജലം നീരാവിയാക്കി മാറ്റി ടർബൈനിലൂടെ വൈദ്യുതോർജമാക്കി മാറ്റുന്ന പ്രവർത്തനമാണ് ഇതിൽ നടക്കുന്നത്.

100 ശതമാനം കൈവരിച്ചതിന് ശേഷം ക്രമേണ ഒന്നാം യൂണിറ്റ് അടച്ചിടുകയും വ്യാവസായിക വൈദ്യുതോർജ നിർമാണത്തിന് മുന്നോടിയായുള്ള സൂക്ഷ്മ പരിശോധനകൾ ആരംഭിക്കുകയും ചെയ്യും. മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശോധനകളും മൂല്യനിർണങ്ങളുമാണ് ഈ ഘട്ടത്തിൽ നടക്കുക. നിർമാണം അവസാനഘട്ടത്തിലേക്ക് കടന്ന മറ്റു മൂന്നു യൂണിറ്റുകളുടെ പ്രവർത്തനങ്ങളും ഇതേ മാതൃകയിലാണ് നടക്കുക.