ദുബായ്: ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് യു.എ.ഇ. ഭാഗികമായി അവസാനിപ്പിക്കുന്നതോടെ തകർച്ച നേരിട്ടുകൊണ്ടിരുന്ന വ്യോമയാനമേഖല വീണ്ടും ശക്തിപ്രാപിക്കും. ലോക സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ വ്യോമയാനവ്യവസായത്തെ മുന്നോട്ട് നയിക്കാനുള്ള യു.എ.ഇ. ശ്രമങ്ങളുടെ വ്യക്തമായ സൂചനയായിരിക്കുമത്. സുപ്രധാന അന്താരാഷ്ട്ര വിമാനസർവീസുകൾ പുനഃസ്ഥാപിക്കാനുള്ള ആഗോള കാമ്പയിനിൽ ദുബായ് വ്യോമയാനമേഖല എന്നും മുൻപന്തിയിലായിരുന്നുവെന്ന് ദുബായ് വിമാനത്താവള ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.

മഹാമാരിമൂലം കഴിഞ്ഞ 15 മാസമായി ഭാഗികമായി മാത്രം പ്രവർത്തിച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ വൺ ജൂൺ 23 മുതൽ പൂർണമായി പ്രവർത്തനസജ്ജമാവുകയാണ്. ബുധനാഴ്ച മുതൽ പഴയതുപോലെ യാത്രക്കാരുടെ വലിയ തിരക്ക് അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. 1.8 കോടി യാത്രക്കാരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വേനൽക്കാല അവധിയും പെരുന്നാളും എക്സ്‌പോ 2020 ദുബായും അടുത്തെത്തിയതോടെ യാത്രക്കാരുടെ വൻവർധനതന്നെയുണ്ടാകും. തിരക്ക് നിയന്ത്രിക്കാൻ 3500- ഓളം അധികജീവനക്കാരെ നിയമിക്കാനാണ് ഓപ്പറേറ്റർ പദ്ധതിയിടുന്നതെന്ന് ചീഫ് എക്സിക്യുട്ടീവ് പോൾ ഗ്രിഫിത് പറഞ്ഞു. അതീവസുരക്ഷയോടെ ദുബായ് വിദേശയാത്രക്കാരെ വരവേൽക്കും. കോൺകോർസ് ഡിയും അന്നുതന്നെയാണ് പ്രവർത്തനം പുനരാരംഭിക്കുക.

66 വിമാനക്കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ടെർമിനൽ വണ്ണിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്. കൂടാതെ ടെർമിനൽ രണ്ടിലെയും മൂന്നിലെയും 40 അന്താരാഷ്ട്ര വിമാനക്കമ്പനികൾ പഴയ താവളത്തിലേക്ക് തന്നെ മടങ്ങിവരും. രണ്ട് ദിവസത്തിനകം ടെർമിനലുകളിൽ മാറ്റങ്ങൾ വരുത്തും. അതേസമയം ജൂൺ 24 മുതൽ എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും എത്തുന്നതും യാത്ര തിരിക്കുന്നതും ടെർമിനൽ വണ്ണിൽ നിന്നാകുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂൺ അവസാനത്തോടെ പല ഘട്ടങ്ങളിലൂടെയായിരിക്കും പൂർണമായും ടെർമിനൽ പ്രവർത്തനയോഗ്യമാവുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി യാത്രനടത്തുന്നവർ തങ്ങളുടെ ഡിപ്പാർച്ചർ, അറൈവൽ ടെർമിനലുകൾ ഏതൊക്കെ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് വിദേശയാത്രക്കാർക്കുള്ള നിയന്ത്രണം ഭാഗികമായി എടുത്തുകളഞ്ഞ വിവരം ദുബായ് എമർജൻസി ആൻഡ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചത്.

യാത്രാവ്യവസായം കുതിക്കും, കൂടുതൽ തൊഴിലവസരങ്ങളും

യാത്രാ ആവശ്യങ്ങൾ വർധിക്കുന്നതോടെ വ്യോമയാന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുമെന്ന് പോൾ ഗ്രിഫിത് വ്യക്തമാക്കി. അതിന് മുന്നോടിയായാണ് അടുത്ത ദിവസങ്ങളിൽതന്നെ 3500 അധികജീവനക്കാരെ നിയമിക്കുന്നത്. കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ മേഖലയിൽ വലിയ തൊഴിൽനഷ്ടം രേഖപ്പെടുത്തിയിരുന്നു. കോവിഡ് ആഗോള യാത്രാവ്യവസായത്തെ അപ്പാടെ തളർത്തിയ മാസങ്ങളായിരുന്നു കടന്നുപോയത്. 2020-ൽ ദുബായ് കൈകാര്യംചെയ്തത് 2.59 കോടി യാത്രക്കാരെയായിരുന്നു. 2019-നെക്കാൾ 70 ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഇനി യാത്രാവ്യവസായം കുതിക്കുമെന്നാണ് പ്രതീക്ഷ.

ജൂലായ് അവസാനത്തോടെ 90 ശതമാനം യാത്രാശൃംഖല പുനഃസ്ഥാപിക്കാൻ പദ്ധതിയുള്ളതായി എമിറേറ്റ്‌സ് എയർലൈൻസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നഷ്ടം നികത്തി എമിറേറ്റ്‌സ് കൂടുതൽ ശക്തിപ്രാപിക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

അതോടൊപ്പംതന്നെ ജീവനക്കാരുടെയും യാത്രാക്കാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മുന്നോട്ടു പോകാനാണ് അധികൃതർ ലക്ഷ്യമിടുന്നതും.

കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാരുമായി എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം ദുബായിലെത്തിയതും വലിയ പ്രതീക്ഷനൽകുന്നുണ്ട്. ദുബായിൽനിന്ന്‌ നാട്ടിലേക്ക് മടങ്ങുന്നവർക്കായാണ് വിമാനമെത്തിയത്. ആദ്യമായാണ് ഇന്ത്യയിൽനിന്നൊരു അന്താരാഷ്ട്രവിമാനം പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി വിദേശത്തേക്ക് പറക്കുന്നത്.

നേരത്തെ എമിറേറ്റ്‌സ് വിമാനം യു.എ.ഇ.യിൽ നിന്നും പൂർണമായി വാക്സിനെടുത്ത ജീവനക്കാരും യാത്രക്കാരുമായി പറന്നിരുന്നു.

റാപ്പിഡ് പരിശോധന ഒരുക്കണം-കെ.എം.സി.സി.

ഷാർജ : ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ. ഏർപ്പെടുത്തിയ വിലക്ക് നീക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനാകേന്ദ്രങ്ങൾ ഒരുക്കണമെന്ന് യു.എ.ഇ. കെ.എം.സി.സി. ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കുന്നതിന് പുറമെ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റാപ്പിഡ് പരിശോധനയും നടത്തണമെന്നാണ് നിബന്ധന. ഇതിനായി അതാത് വിമാനത്താവളങ്ങളിൽ പരിശോധനാസൗകര്യം ഒരുക്കാൻ കേരളസർക്കാർ തയ്യാറാവണം. ഈ ആവശ്യമുന്നയിച്ച് വിവിധ സർക്കാർവകുപ്പുകൾക്ക് അപേക്ഷ അയച്ചതായി യു.എ.ഇ. കെ.എം.സി.സി. നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്‌മാൻ മറ്റ് ഭാരവാഹികളായ അൻവർ നഹ ,അബ്ദുല്ല ഫാറൂഖി, നിസാർ തളങ്കര എന്നിവർ ആവശ്യപ്പെട്ടു.