അബുദാബി : എമിറേറ്റിലെ പൊതുഗതാഗതമേഖല കൂടുതൽ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു.

കൊടുംചൂടിൽ ബസുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളും, ബസുകളുടെ യാത്രാവിവരം തത്സമയം അറിയിക്കുന്ന സാങ്കേതികവിദ്യയുമാണ് പുതുതായി നടപ്പാക്കിയിരിക്കുന്നത്. ഇതിനകം 185 എ.സി. ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മുനിസിപ്പാലിറ്റിയുടെ കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്.

കൂടാതെ വിവിധ പ്രദേശങ്ങളിൽ 25 പുതിയ എയർകണ്ടീഷൻ കേന്ദ്രങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. എമിറേറ്റിൽ നിലവിൽ ശീതികരിച്ച 472 കാത്തിരിപ്പുകേന്ദ്രങ്ങളുണ്ട്. യാത്രക്കാരുടെ എണ്ണവും ബസ് റൂട്ടുകളുടെ എണ്ണവും പ്രാധാന്യവുമനുസരിച്ചാണ് കാത്തിരുപ്പു കേന്ദ്രങ്ങൾ നിർമിക്കുന്നത്.

അബൂദാബിയിൽ നിലവിൽ 769 പൊതുഗതാഗത ബസുകളാണ് നിരത്തിലുള്ളത്. പ്രതിദിനം 2,22,600 ട്രിപ്പുകൾ എന്ന നിലയിലാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. darbi.itc.gov.ae എന്ന ലിങ്കിലൂടെയും ബസ് സ്റ്റോപ്പുകളിൽ പതിച്ച ക്യൂ.ആർ. കോഡ് സ്കാൻ ചെയ്തും, വെബ് സൈറ്റ് വഴിയും നൂതന സാങ്കേതികസംവിധനത്തിന്റെ പ്രയോജനം നേടാവുന്നതാണ്.