മിന : ഹജ്ജ് കർമത്തിൽ തീർഥാടകർക്കുള്ള സംശയങ്ങൾക്ക് മറുപടിനൽകാൻ റോബോട്ടുകളെ ഏർപ്പെടുത്തി.

കോവിഡ് മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിലാണ് നേരിട്ട് പണ്ഡിതൻമാരുമായി ഇടപെടുന്നത് ഒഴിവാക്കാൻ നൂതനസാങ്കേതികവിദ്യകൾ ഉയോഗപ്പെടുത്തുന്നത്. നേരത്തെ ഹറമിൽ അണുനശീകരണത്തിനും സംസം വിതരണത്തിനും റോബോട്ടുകളെ ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മതവിധികൾ നൽകാൻ പുണ്യസ്ഥലങ്ങളിലെ പള്ളികളിലും റോബോട്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയമാണ് റോബോട്ടുകളെ ഏർപ്പെടുത്തിയിട്ടുള്ളത്.

ഹജ്ജുമായി ബന്ധപ്പെട്ട സംശയവുമായി സമീപിക്കുന്ന തീർഥാടകരെയും മതവിധിനൽകുന്ന പണ്ഡിതരെയും പരസ്പരം വീഡിയോകോൾ സംവിധാനത്തിൽ ബന്ധിപ്പിക്കുകയാണ് റോബോട്ടുകൾ ചെയ്യുന്നത്.

24 മണിക്കൂറും സേവനം ലഭ്യമാക്കുന്നുണ്ട്. ഹാജിമാർക്ക് മാർഗനിർദേശങ്ങളും ബോധവത്കരണങ്ങളും റോബോട്ടുകൾ നൽകും. നേരത്തെ പ്രോഗ്രാംചെയ്ത പാതകളും സെൻസിറ്റീവ് മോഷൻ സെൻസറുകളും അനുസരിച്ച് ഓട്ടോമാറ്റിക് കൺട്രോൾ സംവിധാനത്തിലൂടെയാണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ശബ്ദപ്രക്ഷേപണത്തോടുകൂടിയ ത്രിതല മുന്നറിയിപ്പ് സവിശേഷതയും റോബോട്ടുകളിലുണ്ട്.