മിന : കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ വിശുദ്ധ ഹജ്ജ് കർമത്തിന്റെ ചടങ്ങുകൾ പുരോഗമിക്കുന്നു. വിശുദ്ധ ഹജ്ജ് കർമത്തിന്റെ നാലാംദിവസമായ ബുധനാഴ്ച ഹാജിമാർ ജംറയിൽ പിശാചിന്റെ മൂന്ന് പ്രതീകങ്ങൾക്കുനേരെയും കല്ലേറ് നടത്തും. നൻമയിലേക്ക് നടക്കുന്ന മനുഷ്യനെ വഴിതടയുന്ന പിശാചിന്റെ തടസ്സങ്ങളെനീക്കുന്ന പ്രതീകാത്മക ചടങ്ങുകൂടിയാണ് മിനായിലെ കല്ലേറുകർമം. ജംറത്തുൽ ഊല, ജംറത്തുൽ അക്ബ, ജംറത്തുൽ വുസ്ത എന്നീ മൂന്ന് പ്രതീകങ്ങൾക്കുനേരെ ഏഴു കല്ലുകൾ വീതമെറിയും. ഇതിനുശേഷം ഖുർആൻ പാരായണവും മറ്റ് ആരാധനകളുമായി ഹാജിമാർ മിനായിലെ താമസ കേന്ദ്രത്തിൽ കഴിയും. ബുധൻ രാത്രിയും മിനായിലെ താമസകേന്ദ്രങ്ങളിൽതന്നെയായിരിക്കും ഹാജിമാരുടെ വിശ്രമം.

സുപ്രധാന ചടങ്ങായ അറഫ സംഗമത്തെത്തുടർന്ന് മുസ്ദലിഫയിൽ രാത്രി തങ്ങിയശേഷമാണ് ചൊവ്വാഴ്ച അതിരാവിലെ മുഴുവൻ തീർഥാടകരും മിനായിലേക്ക് തിരിച്ചെത്തിയത്. അധികൃതർ ഒരുക്കിയ വാഹനത്തിലാണ് ഹാജിമാർ മിനായിലെത്തിയത്. ശേഷം തലമുണ്ഡനം ചെയ്യുകയും മക്കയിൽച്ചെന്ന്‌ ത്വവാഫ് കർമം ചെയ്യുകയും ചെയ്തു. ബലികർമത്തിനായുള്ള തുക നേരത്തെ അടച്ചതിനാൽ ഹാജിമാർക്ക് നേരിട്ട് ബലിയറുക്കേണ്ടിവന്നില്ല.